ആലുവ പാലസ് നവീകരണം പുനരാരംഭിക്കുന്നു
1465150
Wednesday, October 30, 2024 7:18 AM IST
ആലുവ: അഞ്ച് വർഷം മുമ്പ് മഹാപ്രളയത്തെ അതിജീവിച്ച പെരിയാറിൻ തീരത്തെ ആലുവ പാലസിന്റെ നവീകരണം പുനരാരംഭിക്കുന്നു. 6.36 കോടി രൂപ ചെലവ് വരുന്ന നവീകരണം അടുത്ത മാസം മുതൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് (കെഐഐഡിസി) നടത്തുന്നത്.
ഏഴ് വർഷം മുമ്പ് 2017ൽ നവീകരണത്തിനായി നടപടികൾ ആരംഭിച്ചെങ്കിലും 2018ൽ പ്രളയം വന്നതോടെ കരാർ എടുത്ത പൊതുമരാമത്ത് വകുപ്പ് പിൻമാറി. പിന്നീട് 2019ൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്ക് 6.5 കോടിക്ക് കരാർ നൽകി. കെട്ടിടം നവീകരണത്തിന് പുറമെ ലാൻഡ് സ്കേപ്പിംഗ്, മൂന്ന് വർഷത്തെ അറ്റകുറ്റപ്പണി എന്നിവയും ഉൾപ്പെട്ടിരുന്നു. എന്നാൽ നടപടിക്രമം പാലിക്കാത്തതിനാൽ അതും നടന്നില്ല.
കോവിഡ് കാലം കഴിഞ്ഞ് 2022ൽ റീ ടെണ്ടർ വിളിച്ചെങ്കിലും അപേക്ഷകരുണ്ടായില്ല. കഴിഞ്ഞ വർഷമാണ് വീണ്ടും ടെണ്ടർ വിളിച്ച് കെഐഐഡിസി കരാർ നൽകിയത്. അബ്ദുൾ ഷെരീഫ് എന്ന കരാറുകാരന് കെഐഐഡിസി ഉപകരാർ നൽകിയിട്ടുണ്ട്. 2017ൽ പാലസ് അനക്സ് മന്ദിര നിർമാണം പൂർത്തിയായതോടെയാണ് നവീകരണത്തിനായി പഴയ പാലസ് അടച്ചത്. തൊട്ടടുത്ത വർഷം പ്രളയത്തിൽ ചെളി കയറി മുറികൾ മോശമായി. ലക്ഷങ്ങൾ മുടക്കിയാണ് ചെളി നീക്കി വൃത്തിയാക്കിയത്.
മൂന്ന് വിഐപി മുറികൾ ഉൾപ്പെടെ 13 മുറികളും ഹാളുമാണ് പാലസിലുള്ളത്. പഴമയും പ്രൗഢിയും ചോരാതെയുള്ള നവീകരണമാണ് ലക്ഷ്യമിടുന്നത്. മരത്തടിയിൽ നിർമിച്ച ഗോവണിപ്പടി നിലനിർത്തി ലിഫ്റ്റ് സ്ഥാപിക്കും. തിരുവിതാംകൂർ മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്ന പാലസ് ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായി മാറുകയായിരുന്നു.