വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുത്തതായി വ്യവസായിയുടെ പരാതി
1465249
Thursday, October 31, 2024 1:34 AM IST
മട്ടാഞ്ചേരി: വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ മട്ടാഞ്ചേരി പോലീസ് കേസെടുത്തു. കൊച്ചിയിലെ പ്രമുഖ വ്യവസായിയായ നസ്റത്ത് പുത്തൻപുരയ്ക്കൽ ജോസഫ് സ്റ്റാൻലിയുടെ പരാതിയിലാണ് കേസ്.
ജോസഫ് സ്റ്റാൻലിയുടെ ഉടമസ്ഥതയിലുള്ള മട്ടാഞ്ചേരി ജീവമാതാ പള്ളിക്ക് മുൻവശത്തെ അഞ്ച് സർവേ നമ്പറുകളിലുള്ള ഭൂമി വ്യാജ ഒപ്പിട്ട് ആധാരം രജിസ്റ്റർ ചെയ്ത് തട്ടിയെടുത്തതായാണ് പരാതി. കേസിൽ ആന്റണി കുരീത്തറ നാലാം പ്രതിയാണ്.
ജോസഫ് സ്റ്റാൻലിയുടെ മാനേജരായി 40 വർഷം ജോലി ചെയ്ത് വന്നിരുന്ന മട്ടാഞ്ചേരി സ്വദേശി വി.എച്ച്. ബാബുവാണ് ഒന്നാം പ്രതി. ഫോർട്ട്കൊച്ചി തുരുത്തി സ്വദേശിയും കേസിൽ രണ്ടാം പ്രതിയുമായ എം.പി. കുഞ്ഞുമുഹമ്മദിന് 2006ൽ ഭൂമി വിൽപ്പന നടത്തുകയും പിന്നീട് 21 ദിവസങ്ങൾക്ക് ശേഷം ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് മറിച്ച് വിൽക്കുകയുമായിരുന്നു.
കൊച്ചി സബ് രജിസ്ട്രാർ ആശിഷ് റൊസാരിയോ, ഭൂമി രണ്ടാമത് വാങ്ങിയ സ്വകാര്യ കമ്പനി, ഹനീഷ അജിത്ത്, അനിത സന്തോഷ്, എം.വി. സുരേഷ് എന്നിവരാണ് മറ്റ് പ്രതികൾ. 2006ൽ എം.പി. കുഞ്ഞുമുഹമ്മദിന് 20 ലക്ഷം രൂപക്കാണ് ഭൂമി വിൽപ്പന നടത്തിയത്. 21 ദിവസത്തിന് ശേഷം ഈ ഭൂമി മറ്റൊരു കമ്പനിക്ക് മറിച്ച് വിൽക്കുകയായിരുന്നു.
98ൽ കോടതിയിൽനിന്ന് ജോസഫ് സ്റ്റാൻലി ലേലത്തിലെടുത്തതാണ് വസ്തു. താൻ വിൽപ്പത്രം എഴുതുന്നതിനായി രേഖകൾ പരിശോധിച്ചപ്പോഴാണ് ഭൂമി തന്റെ പേരിലല്ലെന്ന് മനസിലായതെന്ന് ജോസഫ് സ്റ്റാൻലി പറഞ്ഞു.
കൂടുതൽ അന്വേഷണത്തിലാണ് ഭൂമി തട്ടിയെടുത്തതായി അറിയുന്നത്. തുടർന്നാണ് ജോസഫ് സ്റ്റാൻലി പരാതി നൽകുന്നത്. കേസിൽ മട്ടാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
ഭൂമി തട്ടിയെടുത്തെന്ന
പരാതി; താൻ സാക്ഷി
മാത്രമെന്ന് ആന്റണി കുരീത്തറ
മട്ടാഞ്ചേരി: പോലീസ് സമ്മർദങ്ങൾക്ക് വിധേയമായാണ് ഉടമ അറിയാതെ സ്ഥലം വിൽപ്പന നടത്തിയെന്ന പരാതിയിൽ താൻ പ്രതി ചേർക്കപ്പെട്ടതെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ. സാക്ഷി മാത്രമായ താൻ നിരപരാധിയാണെന്ന് രേഖകളിൽനിന്ന് വ്യക്തമാണ്.
സ്ഥലം വിൽപ്പന നടത്തിയത് ജോസഫ് സ്റ്റാൻലി ആധാര പ്രകാരമാണ് തീറെഴുതിയത്. വീട്ടിൽവച്ച് ജോസഫ് സ്റ്റാൻലിയുടെ മൊഴി എടുത്താണ് ആധാരം രജിസ്റ്റർ ചെയ്തത്. സുഖമില്ലാത്തതിനാൽ രജിസ്ട്രാർ ഓഫീസിൽ എത്തുവാൻ സാധിക്കില്ലെന്ന് അറിയിച്ചതിനെതുടർന്നാണ് ജോസഫ് സ്റ്റാൻലിയുടെ വിട്ടിൽവച്ച് രജിസ്റ്റർ നടത്തിയത്.
ഈ കേസിൽ താനും വലിയപറമ്പിൽ ബാബുവും സാക്ഷിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രേഖകൾ പോലും പരിശോധിക്കാതെ ചില സമ്മർദങ്ങൾക്ക് വിധേയമായാണ് പോലീസ് പ്രതി സ്ഥാനത്ത് ചേർത്തിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സാക്ഷിയായ തന്നെ കേസിൽ പ്രതി ചേർത്തതെന്ന് ആന്റണി കുരീത്തറ പറഞ്ഞു.