ചട്ട ലംഘനം തുടര്‍ക്കഥ; നടപടിയെടുക്കാതെ മോട്ടോര്‍ വാഹന വകുപ്പ്
1465250
Thursday, October 31, 2024 1:34 AM IST
കാക്കനാട്: ഇന്നലെ രാവിലെ വള്ളത്തോള്‍ സിഗ്നല്‍ ജംഗ്ഷനില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണമായത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയെന്ന് ആക്ഷേപം. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ മണ്ണ് നിറച്ച് പുലര്‍ച്ചെ മുതല്‍ നിരത്തിലിറങ്ങുന്നത് നിരവധി ടിപ്പറുകളും ടോറസുകളുമാണ്. വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗുമാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നാണ് പതിവ് യാത്രക്കാരുടെ ആക്ഷേപം.
ഇന്നലെ വള്ളത്തോള്‍ സിഗ്നല്‍ ജംഗ്ഷനില്‍ അപകടം ഉണ്ടാവുമ്പോള്‍ നിരവധി ടോറസുകള്‍ ഇതുവഴി കടന്നുപോകാനായി കാത്തുകിടന്നിരുന്നു. രാവിലെ 10 മണിക്കു ശേഷമേ ടിപ്പറുകളും, ടോറസ് അടക്കമുള്ള ഹെവി വാഹനങ്ങളും സര്‍വീസ് നടത്താവൂവെന്ന് കളക്ടറുടെ ഉത്തരവ് ഉണ്ടെങ്കിലും കൃത്യമായ പരിശോധനകള്‍ ഇല്ലാതെ വരുന്നതോടെയാണ് സമയം ലംഘിച്ച് ഭാരവാഹനങ്ങള്‍ നിരത്തിലിറുന്നത്. അളവില്‍ കൂടുതല്‍ ലോഡ് നിറച്ചും ചീറിപ്പാഞ്ഞുമാണ് ഇത്തരം വാഹനങ്ങളുടെ മത്സരയോട്ടം.
സ്വകാര്യ ബസുകളും മത്സര ഓട്ടത്തില്‍ പിന്നിലല്ല. സമയം പാലിക്കാനായി തിരക്കേറിയ റോഡുകളിലൂടെ പോലും യാത്രക്കാരുടെ ജീവന് പണയംവച്ചാണ് ബസുകള്‍ മത്സരയോട്ടം നടത്തുന്നത്. അംഗീകൃത ഡ്രൈവര്‍മാര്‍ക്ക് പുറമേ ക്ലീനര്‍മാരും കിളികളും വരെ വളയം പിടിക്കുന്നുണ്ടെന്നാണ് ആക്ഷേപം. പുലര്‍ച്ചെ സര്‍വീസ് ആരംഭിക്കുന്ന ബസുകളിലാണ് ഇത്തരത്തില്‍ വേണ്ടത്ര ഡ്രൈവിംഗ് പരിശീലം ലഭിക്കാത്തവര്‍ ഡ്രൈവിംഗ് സീറ്റില്‍ എത്തുന്നത്. അലക്ഷ്യമായും അശ്രദ്ധയോടെയുമാണ് പലപ്പോഴും ഇവരുടെ ഡ്രൈവിംഗ്. മോട്ടോര്‍ വാഹന വകുപ്പാകട്ടെ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ താല്പര്യം കാട്ടുന്നുമില്ല.
ബസിന്റെ ഫിറ്റ്നസും
ഡ്രൈവറുടെ ലൈസൻസും
സസ്പെൻഡ് ചെയ്യും
കാക്കനാട്: ഇന്നലെ രാവിലെ വള്ളത്തോൾ സിഗ്നൽ ജംഗ്ഷനടുത്ത് അപകടത്തിൽപ്പെട്ട സ്വകാര്യ ബസിന്റെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ബസ് ഡ്രൈവറായ പുക്കാട്ടുപടി സ്വദേശി നിഹാലിന്റെ ഡ്രൈവിംഗ് ലൈസൻസാണ് സസ്പെൻഡ് ചെയ്യുക. നിഹാൽ ഓടിച്ച ബസാണ് ഇന്നലെ അപകടമുണ്ടാക്കിയത്.
ടോറസും ബസും കൂട്ടിയിടിച്ച് യാത്രക്കാരി മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് അറിയിച്ചു.