കേരള സ്കൂള്‍ കായിക മേള; ഷൂട്ടിംഗ്, ചെസ് മത്സരങ്ങള്‍ പൂര്‍ത്തിയായി
1465257
Thursday, October 31, 2024 1:35 AM IST
കൊച്ചി: കേരള സ്കൂള്‍ കായിക മേളയുടെ ഭാഗമായി നടത്തിയ 66-ാമത് കേരള സ്കൂള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ എയര്‍ പിസ്റ്റല്‍ ജൂണിയര്‍ ബോയ്സ് വിഭാഗത്തില്‍ എറണാകുളത്തിന്റെ ആര്യന് കെ.രത്തന്‍, ജൂണിയര്‍ ഗേള്‍സില്‍ പാലക്കാടിന്റെ ആര്യനന്ദ, സീനിയര്‍ ബോയ്സിൽ വിഭാഗത്തില്‍ തൃശൂരിന്റെ കെന്‍സ് ബി. കാട്ടൂക്കാരന്‍, സീനിയര്‍ ഗേൾസിൽ എറണാകുളത്തിന്റെ അതുല്യ എസ്.നായര്‍ എന്നിവര്‍ സ്വര്‍ണം നേടി.
പീപ്പ് എയര്‍ റൈഫിള്‍ ജൂണിയര്‍ ബോയ്സില് കോല്ലത്തിന്റെ ആംസ്ട്രോംഗ് ജോര്‍ജ് മെന്‍ഡിസ്, ജൂണിയര്‍ ഗേള്‍സില്‍ കോഴിക്കോടിന്റെ ഇഷ ആമിന അസ്ലം, സീനിയര്‍ ബോയ്സില് തൃശൂരിന്റെ പി.പി. ഒഷിന്‍ രാജ്, സീനിയര്‍ ഗേൾസില്‍ തൃശൂരിലെ ഹന്ന മേരി ജോണ്‍ എന്നിവര്‍ സ്വര്‍ണം നേടി. ഓപ്പണ്‍ സൈറ്റ് സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോടിന്റെ ശ്വേത ട്രീസ സന്ദീപ്, ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ വി.കെ. നേഷ മുനീര്‍ എന്നിവരും സ്വര്‍ണമെഡലിന് അവകാശികളായി.
ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂണിയര്‍ ബോയ്സ് വിഭാഗത്തില്‍ കണ്ണൂര്‍ രാമന്തള്ളി ജിഎച്ച്എസ്എസിലെ ആര്. സാവന്ത് കൃഷ്ണന്, സബ് ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോഴിക്കോട് വട്ടോളി നാഷണല്‍ എച്ച്എസ്എസിലെ അന്വിത ആര്.പ്രവീണ്‍, ജൂണിയര്‍ ബോയിസില്‍ തൃശൂര്‍ അമ്മാടം സെന്റ് ആന്റണീസ് എച്ച്എസ്എസിലെ ഇ.യു. അഹാസ്, ജൂണിയര്‍ ഗേള്‍സില്‍ കൊല്ലം തേവലക്കര ഗേള്‍സ് എച്ച്എസിലെ എസ്.ഡി. പൗര്‍ണമി, സീനിയര്‍ ബോയ്സില് തൃശൂര്‍ മാള സെന്റ് ആന്റണീസ് എച്ച്എസ്എസിലെ എസ്.ആദിത്യ, സീനിയര്‍ ഗേള്‍സില്‍ ആലപ്പുഴ ആര്യാട് ജിവിഎച്ച്എസ്എസിലെ ആര്. റിഥിക എന്നിവരും സ്വര്‍ണജേതാക്കളായി.
അതേസമയം കേരള സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടനത്തിന് മുന്‍പേ മത്സരങ്ങള്‍ നടത്തേണ്ടി വന്നതില്‍ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തി. ഷൂട്ടിംഗ്, ചെസ് മത്സരങ്ങള്‍ നേരത്തെ നടത്തിയത് വിജയികള്‍ക്ക് ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കായിക മേഖലയില്‍ മികവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് യാതൊരു കാരണവശാലും ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്ന നിര്‍ബന്ധം വിദ്യാഭ്യാസ വകുപ്പിനുണ്ട്. ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പും നാഷണല്‍ ചെസ് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും നവംബര്‍ മൂന്നിന് ആരംഭിക്കുന്നതിനാലാണ് ഈ മത്സരങ്ങള്‍ നേരത്തെ നടത്തിയത്. മറ്റ് മത്സരങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം നവംബര്‍ നാലിന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.