വിധികർത്താക്കൾ ഇത്തവണ ‘മറ'യിൽ
1464715
Tuesday, October 29, 2024 1:47 AM IST
ആലുവ: നൃത്ത മത്സരങ്ങളുടെ വിധി നിർണയം തർക്കത്തിൽ കലാശിക്കുന്നത് തടയാനായി ആലുവ ഉപജില്ലാ കലോത്സവത്തിൽ സംഘാടകരുടെ മുൻകരുതൽ. വിധികർത്താക്കൾക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കാത്ത വിധം 10 അടിയോളം പൊക്കത്തിൽ ബോർഡുവച്ചാണ് പരിഷ്കാരം നടപ്പിലാക്കിയത്.
മൂന്ന് വിധികർത്താക്കൾക്കിടയിൽ രണ്ട് മറകൾ വീതം സ്ഥാപിച്ചാണ് വേദികൾ തയാറാക്കിയത്. നൃത്തനൃത്യ മത്സരങ്ങൾ നടക്കുന്ന ആലുവ മഹാത്മ ഗാന്ധി ടൗൺ ഹാൾ, ഗവ. ഗേൾസ് ഹൈസ്കൂൾ എന്നീ വേദികളിലാണ് ജില്ലയിൽ തന്നെ ആദ്യമായി പരീക്ഷണം നടപ്പിലാക്കിയത്.
കലാമത്സരങ്ങൾ ആസ്വദിക്കാൻ തടസമാകുന്ന രീതിയിലാണ് വലിയ മറകൾ സ്ഥാപിച്ചിരിക്കുന്നത്. ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനും ബുദ്ധിമുണ്ടായി. കൂടാതെ സംഘാടകർ വിധി നിർണയത്തിൽ സ്വാധീനം വരാതിരിക്കാൻ നിരവധി മുൻകരുതലുകൾ എടുത്തിട്ടുണ്ട്.
വിധികർത്താക്കൾ ആരാണെന്ന വിവരം ഡിഡിക്കും ഒരു ജീവനക്കാരനും മാത്രം അറിയുന്ന രീതിയിലാണ് പട്ടിക തയാറാക്കിയത്. അധ്യാപക സംഘടനകളെയും ഒഴിവാക്കി.