ബസ് കത്തിയ സംഭവത്തിൽ കേസെടുത്തു; അട്ടിമറി സാധ്യത അന്വേഷിക്കും
1465161
Wednesday, October 30, 2024 7:19 AM IST
കൊച്ചി: നഗരമധ്യത്തില്‍ തിരക്കേറിയ റോഡില്‍ കെയുആര്‍ടിസിയുടെ എസി ലോ ഫ്ലോര്‍ ബസ് ഓട്ടത്തിനിടെ കത്തിനശിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. അട്ടിമറി സാധ്യതയുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് അന്വേഷണം. സംഭവത്തില്‍ പോലീസ് വിശദ റിപ്പോര്‍ട്ട് നല്‍കും.
എറണാകുളം കെഎസ്ആര്‍ടിസി സൂക്ഷിച്ചിരിക്കുന്ന ബസില്‍ പോലീസ് വിശദ പരിശോധന നടത്തി. എൻജിന്റെ അടിഭാഗത്ത് നിന്നാണ് തീപടര്‍ന്നതെന്നാണ് അഗ്നിരക്ഷാ സേനയുടെ കണ്ടെത്തല്‍. ഷോര്‍ട്ട്സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വോള്‍വോയുടെ ടെക്നിക്കല്‍ ടീമിന്റെ സാന്നിധ്യത്തിൽ ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ പരിശോധന നടത്തി. സ്പാര്‍ക്ക് ഉണ്ടായതാണ് തീ പടരാന്‍ കാരണമായതെന്നാണ് കണ്ടെത്തല്‍. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നും പരിശോധിക്കുന്നുണ്ട്. പരിശോധന റിപ്പോര്‍ട്ട് സിഎംഡിക്കും ഗതാഗത മന്ത്രിക്കും കൈമാറുമെന്ന് എടിഒ ടോണി കോശി പറഞ്ഞു.
എറണാകുളം ഡിപ്പോയ്ക്ക് സമീപം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ടില്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട് ഒരു കിലോമീറ്ററിനുള്ളിൽ തന്നെ പിൻഭാഗത്ത് നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു. എറണാകുളം-തൊടുപുഴ റൂട്ടില്‍ സർവീസ് നടത്തുന്ന മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് അഗ്നിക്കിരയായത്. 25 യാത്രക്കാരുണ്ടായിരുന്നു.
ഡ്രൈവറുടെ സമയോജിതമായ ഇടപലിലൂടെ യാത്രക്കാരെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്താനായി. 10 വര്‍ഷത്തോളം പഴക്കമുള്ള ബസാണിത്.