പിറവം നഗരസഭാ ചെയർപേഴ്സൺ രാജിവയ്ക്കണമെന്ന് യുഡിഎഫ്
1464717
Tuesday, October 29, 2024 1:47 AM IST
പിറവം: നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ചും നഗരസഭയിലെ എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെയും യുഡിഎഫ് നടത്തിയ സമരങ്ങൾക്കെതിരെ ജനങ്ങളെ വിഡ്ഢികളാക്കുന്ന മറുപടികളാണ് നഗരസഭ ഭരണ നേതൃത്വം നൽകികൊണ്ടിരിക്കുന്നതെന്നു പ്രതിപക്ഷം പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇത്തവണ റോഡ് അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചപ്പോൾ യുഡിഎഫ് കൗൺസിലർമാരെ പാടെ അവഗണിച്ചിരിക്കുകയാണ്. നഗരസഭ ചെയർപേഴ്സൺന്റെ വാർഡിൽ 30 ലക്ഷം രൂപയും വൈസ് ചെയർമാന്റെ വാർഡിൽ 16 ലക്ഷവും മുൻ ചെയർപേഴ്സൺന്റെ വാർഡിൽ 12 ലക്ഷവും അനുവദിച്ചു. എന്നാൽ യുഡിഎഫ് കൗൺസിലർമാരുടെ വാർഡുകളിലേക്ക് നാമമാത്രമായ തുക മാത്രമെ അനുവദിച്ചിട്ടുള്ളുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
വീട് പുനരുദ്ധാരണ പദ്ധതികൾക്കായി ഒരു വർഷം 70 ലക്ഷം രൂപ വച്ച് മൂന്ന് വർഷംകൊണ്ട് 2.10 കോടി ചെലവഴിച്ച് 420 വീടുകളുടെ പുനരുദ്ധാരണമാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ രണ്ടാം സാമ്പത്തിക വർഷം പകുതി പിന്നിട്ടിട്ടും ഒന്നാം വർഷത്തെ വീടുകൾ പോലും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല.
തെരുവ് വിളക്ക് അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതിനെതുടർന്ന് യുഡിഎഫ് സമരം തുടങ്ങിയ ശേഷം ജനങ്ങളുടെ കണ്ണിൽ പൊടി ഇടുവാനായി കുറച്ചു ലൈറ്റുകൾ നന്നാക്കി തടിയൂരാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.
പത്രസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ, തോമസ് തേക്കുംമൂട്ടിൽ, ഡോമി ചിറപ്പുറം, ജോർജ് അലക്സ്, പ്രശാന്ത് മമ്പുറം, അന്നമ്മ ഡോമി, വത്സല വർഗീസ്, ജോജിമോൻ ചാരുപിലാവിൽ, വർഗീസ് നാരേകാട്ട് തുടങ്ങിയവർ പങ്കെടുത്തു.