ഭരണ ഭാഷാ പുരസ്കാരം പി.ബി. സിന്ധുവിന്
1465141
Wednesday, October 30, 2024 7:18 AM IST
മൂവാറ്റുപുഴ: സർക്കാർ ജീവനക്കാർക്കായി സർക്കാർ നടത്തുന്ന സംസ്ഥാനതല ഭരണ ഭാഷാ പുരസ്കാരം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അസിസ്റ്റന്റ് സെക്ഷൻ ഓഫീസറും സാഹിത്യകാരിയുമായ പി.ബി. സിന്ധുവിനു (സിന്ധു ഉല്ലാസ്) ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
മൂവാറ്റുപുഴ സ്വദേശിയായ സിന്ധു മഴയിലേക്ക് തുറക്കുന്ന ജാലകം, വെയിൽ എഴുതിയ ചിത്രങ്ങൾ, ഒടുവിലത്തെ വളവ് എന്ന കവിതാ സമാഹാരങ്ങളും തനിയെ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം, വനിതാ സാഹിതി, സാഹിത്യ പരിഷത്ത്, ഗ്രന്ഥശാല പ്രസ്ഥാനം എന്നിവയുടെ സജീവ പ്രവർത്തകയാണ്. മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനായ ഉല്ലാസ് ചാരുതയുടെ ഭാര്യയാണ്. മെക്കാനിക്കൽ എൻജിനീയർമാരായ അഭിരാം വി. നായ്ക്, ആദിത്യ വിനായക് എന്നിവർ മക്കളാണ്.