കണ്ടെത്തിയ ഫോണിൽ ഒന്ന് ബ്രസീലിയന്‍ പൗരന്റേത്
1465259
Thursday, October 31, 2024 1:35 AM IST
കൊച്ചി: അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ നടന്ന കൂട്ട മൊബൈല്‍ മോഷണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മോഷണസംഘത്തിലെ ആതിക് ഉര് റഹ്മാന്(38), വസീം അഹമ്മദ് (32) എന്നിവരില്‍ നിന്ന് കണ്ടെത്തിയ ഐ ഫോണ്‍ ഡല്‍ഹിയില്‍ നടന്ന അലന് വാക്കര്‍ ഷോയ്ക്കിടെ കവര്‍ന്നതെന്ന് പോലീസ്. ബ്രസിലീയന്‍ പൗരന്റെ ഫോണാണ് ഇതെന്ന് എറണാകുളം മുളവുകാട് പോലീസ് കണ്ടെത്തി. ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.
കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ഡല്‍ഹിയില്‍ നടന്ന അലന് വാക്കര്‍ ഷോയ്ക്കിടെ തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നു കാണിച്ച് ബ്രസീലിയന്‍ പൗരന് ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ക്കായി മുളവുകാട് പോലീസ് ഡല്‍ഹി പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഡല്‍ഹി സംഘത്തിന്റെ കൈയിൽനിന്ന് ലഭിച്ച 20 മൊബൈല്‍ ഫോണുകളില്‍ എട്ടെണ്ണം കൊച്ചിയില്‍ നിന്നും, ഒരെണ്ണം ഡല്‍ഹിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഇതോടെ വ്യക്തമായി.
പത്താമത്തെ ഫോണിന്റെ വിവരങ്ങള്‍ പ്രകാരം ഇത് ജമ്മുകാഷ്മീരില്നിന്ന് മോഷ്ടിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. ഡല്‍ഹി സംഘത്തിലെ പ്രതികളുടെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മുംബൈ മോഷണ സംഘത്തിലെ സണ്ണി ഭോല യാദവ് (27), ശ്യാം ബരണ്വാള് (32) എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മുഖ്യപ്രതിയുടെ
ഫോണ്‍ സ്വിച്ച് ഓഫ്
അതേസമയം കേസിലെ മുഖ്യപ്രതി ഉത്തർപ്രദേശ് സ്വദേശി പ്രമോദ് യാദവിന്റെ മൊബൈല്‍ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രമോദ് യാദവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നത് യുപിയിലെ പലയിടങ്ങളിലാണ്. ഇയാള്‍ വാരണാസിയിലുണ്ടെന്ന് ആദ്യം ലൊക്കേഷന്‍ കിട്ടിയിരുന്നെങ്കിലും പിന്നീട് യുപിയിലെ തന്നെ വിവിധ ഇടങ്ങൾ മാറി മാറി കാണിച്ചു. നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നതും അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ഫോൺ വിവരങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മറ്റേതെങ്കിലും ഫോണില്‍ നിന്നോ സ്വന്തം ഫോണില്‍ വേറെ സിം കാര്‍ഡ് ഉപയോഗിച്ചോ ഇയാള്‍ ബന്ധുക്കളെ ബന്ധപ്പെടുന്നുണ്ടോയെന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
സ്വദേശം യുപി ആണെങ്കിലും ഇയാളുടെ താവളം മുംബൈ, ഡല്‍ഹി എന്നിവിടങ്ങളാണ്. സംഭവം ആസൂത്രണം ചെയ്തതതും ഫോണുകള്‍ വില്പന നടത്തുന്നതും ഇയാള്‍ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രമോദ് യാദവാണ് മുംബൈ സംഘത്തിന് ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് കൊടുത്തത്. കേസില്‍ ഇയാള്‍ ഉള്‍പ്പടെ നാല് പേര് കൂടിയാണ് ഇനി പിടിയിലാകാനുള്ളത്.