ഗാർഹികപീഡനം: നവവധുവിന്റെ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തു
1422856
Thursday, May 16, 2024 4:35 AM IST
പറവൂർ: കോഴിക്കോട് പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധു ക്രൂരമർദനത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ കർശനമായ അന്വേഷണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും തന്നെ അറിയിച്ചതായും സർക്കാർ ഇടപെടലിൽ സന്തോഷമുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ആരോപണ വിധേയനായ പന്തീരാങ്കാവ് സ്റ്റേഷൻ ഓഫീസറെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയിട്ടുണ്ട്. ഫറൂഖ് എസിപി സജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണ സംഘം ഇന്നലെ രാത്രി യുവതിയുടെ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തു. എസിപിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് പുതിയ അന്വേഷണ ചുമതല.
ഭർത്താവ് രാഹുൽ, തന്നെ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ചതായയും അതിന്റെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വീട്ടിൽ സ്ത്രീധനം സംബന്ധിച്ചു തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും യുവതി മൊഴി നൽകി.
തന്റെ ആഭരണങ്ങളൊക്കെ കണ്ടെങ്കിലും രാഹുലിന്റെ അമ്മയ്ക്ക് തൃപ്തിക്കുറവുണ്ടായിരുന്നു. അമ്മയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇടപെടലുണ്ടായ ശേഷമാണ് തനിക്കുനേരെ രാഹുലിന്റെ മർദനമുണ്ടാകുന്നത്. അമ്മയും രാഹുലും ഏറെ നേരം മുറി അടച്ചിരുന്ന് സംസാരിച്ചത് ഗുഢാലോചനയായിരുന്നു എന്നാണ് കരുതുന്നത്.
മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി രാഹുൽ കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നും അലറി വിളിച്ച് കരഞ്ഞിട്ടും വീട്ടിലുള്ള രാഹുലിന്റെ അമ്മയും സഹോദരിയും കൂട്ടുകാരനും സഹായിക്കാനെത്തിയില്ലെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു.
ഫോണിലൂടെ വിവരങ്ങൾ ശേഖരിച്ച് മനുഷ്യാവകാശ, വനിതാ കമ്മീഷനുകൾ
‘‘തന്റെ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു ചെയ്യുമല്ലോ''എന്നൊക്കെയാണ് കല്യാണത്തിന് മുമ്പ് അവർ പറഞ്ഞതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഞങ്ങൾ കൊടുത്തതിൽ കൂടുതൽ അവർ പ്രതീക്ഷിച്ചിരുന്നു.
സംഭവത്തിൽ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും പങ്കു കൂടി അന്വേഷിക്കണം. കല്യാണം കഴിഞ്ഞു തന്റെ മകളെ ജർമനിയിലേക്ക് കൊണ്ടുപോകുമെന്നാണ് രാഹുൽ പറഞ്ഞിരുന്നത്. കഴിഞ്ഞ ഒമ്പതിനു വിവാഹ സൽക്കാര ചടങ്ങിന് പറവൂരിലെ വീട്ടിൽ എത്തിയശേഷം പാസ്പോർട്ടിന്റെ കാര്യത്തിനായി ഇരുവരും ആലുവയിൽ പോയിരുന്നു.
സൽക്കാര ചടങ്ങിനിടെ രാഹുലിന്റെ കൂട്ടുകാരിലൊരാൾ തന്റെ മകനോട് 3000 രൂപ വാങ്ങിയ ശേഷം മദ്യം വാങ്ങി കൊണ്ടുവന്നിരുന്നു. സ്റ്റേജിൽ നിന്ന് പുറത്തേക്കിറങ്ങിയ രാഹുൽ കൂട്ടുകാരോടൊപ്പം മദ്യപിക്കുന്നത് ചടങ്ങിൽ സംബന്ധിക്കാനെത്തിയ ചിലർ കണ്ടിട്ടുണ്ട്. രാഹുലിന്റെ മുൻകാല പശ്ചാത്തലവും അന്വേഷിക്കണമെന്നും യുവതിയുടെ സൗകര്യം പരിഗണിച്ച് കേസിന്റെ തുടർ നടപടികൾ പറവൂരിലേക്ക് മാറ്റണമെന്നും യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു.
യുവതിയെ ക്രൂരമായി മർദിച്ച പന്തീരാങ്കാവ് സ്വദേശി രാഹുലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ആവശ്യപ്പെട്ടു. മർദനത്തിനിരയായ യുവതിയെയും കുടുംബാംഗങ്ങളെയും വീട്ടിലെത്തി ശർമ ആശ്വസിപ്പിച്ചു.