കൂത്താട്ടുകുളം മേഖലയിൽ വീണ്ടും പുലി സാന്നിധ്യം
1422850
Thursday, May 16, 2024 4:22 AM IST
കൂത്താട്ടുകുളം : മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. മാറിക വഴിത്തല മേഖലയിലാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി ഡ്രൈവർ മറിക കുന്നേൽ ഷിബുവിന്റെ ഓട്ടോയുടെ കുറുകെ പുലി ചാടിയതായി പറയുന്നു. ഇന്നലെ രാവിലെ മാറിക യാക്കോബായ പള്ളിക്കു സമീപം പുലിയുടെ കാൽപ്പാട് കണ്ടെത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും സ്ഥിതീകരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച മാറിക കോലടി ഭാഗത്തും വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്തും പുലിയെ കണ്ടതായി പറയുന്നു.
സജിയുടെ വീടിന്റെ പരിസരത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടും വിസർജ്ജ്യവും കണ്ടെത്തിയിരുന്നു. എറണാകുളം ഇടുക്കി ജില്ലകളോട് അതിർത്തി പങ്കിടുന്ന ഭാഗങ്ങളാണ് മാറിക വഴിത്തല പ്രദേശങ്ങൾ. പത്തു കിലോമീറ്റർ അപ്പുറം കരിങ്കുന്നം ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.
2016 ജനുവരിയിൽ മാറിക അന്പാട്ടുകണ്ടത്ത് വീട്ടുവളപ്പിലെ കിണറിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മണ്ണാത്ത് കട്ടയിൽ ക്ലമന്റിന്റെ വീടിനോട് ചേർന്നുള്ള കിണറിലാണ് പുലി വീണത്. മാറിക, വഴിത്തല, അന്പാട്ടുകണ്ടം ഭാഗങ്ങളിലൊന്നും വനമേഖലയില്ലെങ്കിലും 2016ലെ സംഭവം നാട്ടുകാരിൽ ഭീതി പടർത്തുന്നുണ്ട്.