തെരുവ് നായക്ക് പേവിഷബാധ ലക്ഷണമെന്ന് സംശയം
1422849
Thursday, May 16, 2024 4:22 AM IST
മൂവാറ്റുപുഴ : നഗരത്തിൽ നിന്നു പിടികൂടി നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന നായകളിൽ ഒന്നിന് പേവിഷബാധാ ലക്ഷണമെന്ന് സംശയം. കഴിഞ്ഞ ദിവസം ഒന്‍പതു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി നഗരസഭയുടെ മത്സ്യമാർക്കറ്റിൽ പ്രത്യേകം ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിന്ന തെരുവുനായകളിൽ ഒന്നിനാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച തെരുവുനായയെ നഗരസഭാ വളപ്പിൽ പ്രത്യേക കൂടിനുള്ളിലേക്ക് മാറ്റി. പേവിഷബാധ സ്ഥിരീകരിച്ച നായ സഞ്ചരിച്ച തൃക്ക, വാഴപ്പിള്ളി, വെള്ളൂർക്കുന്നം, കാവുംകര പ്രദേശങ്ങളിലെ തെരുവുനായകളെയാണ് 15 ദിവസത്തെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
കോട്ടയത്ത് നിന്നുള്ള നാലംഗ സംഘമെത്തി പിടികൂടുന്ന നായകൾക്ക് മൂവാറ്റുപുഴ വെറ്ററിനറി ആശുപത്രിയിലെ വാക്സിനേറ്റേഴ്സാണ് വാക്സിൻ നൽകുന്നത്ത്. നഗരസഭാ പരിധിയിലെ മറ്റ് വാർഡുകളിൽ നിന്ന് പിടികൂടിയ നായകളെ വാക്സിൻ നൽകി വിട്ടയച്ചു. കഴിഞ്ഞ വ്യാഴാഴ്ച കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ഞായറാഴ്ചയാണ് ചത്തത്.
തിങ്കളാഴ്ച തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെ നഗരസഭ അടിയന്തര കൗണ്‍സിൽ യോഗം വിളിക്കുകയും, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിക്കുകയുമായിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നും ആവശ്യമുയരുന്നതിനാൽ വരും ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുവാനാണ് നഗരസഭാധികൃതരുടെ തീരുമാനം.