യുവാവ് ആത്മഹത്യ ചെയ്ത സംഭവം : എട്ട് പേർക്കെതിരെ കേസെടുത്തു
1422841
Thursday, May 16, 2024 4:22 AM IST
ആലങ്ങാട്: തിരുവാലൂർ കുണ്ടേലി പാലയ്ക്കപ്പറമ്പിൽ അഭിജിത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലങ്ങാട് പഞ്ചായത്ത് വനിതാ അംഗം ഉൾപ്പെടെ എട്ട് പേർക്കെതിരെ ആലങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.
ആലങ്ങാട് പഞ്ചായത്ത് വനിതാ അംഗം വിജി സുരേഷ്, ഭർത്താവായ മുൻ പഞ്ചായത്ത് അംഗവും ബിജെപി മണ്ഡലം കമ്മിറ്റി അംഗവുമായ തിരുവാലൂർ കള്ളിക്കാട്ടുപറമ്പിൽ കെ.കെ.സുരേഷ്, തിരുവാലൂർ സ്വദേശികളായ സജിത്ത്കുമാർ, കിരൺ, വൈശാഖ്, രാഹുൽ, അമൽ കൃഷ്ണ, രാഹുൽ വിജയൻ എന്നിവർക്കെതിരെയാണ് ആലങ്ങാട് പോലീസ് കേസെടുത്തത്.
കഴിഞ്ഞമാസം 12നായിരുന്നു തിരുവാലൂർ പാലയ്ക്കാപറമ്പിൽ സുനിൽകുമാറിന്റെയും മിനിയുടെയും മകൻ അഭിജിത്തിനു തിരുവാലൂർ ക്ഷേത്രോത്സവ മൈതാനിയിൽ മർദനമേറ്റത്. തുടർന്ന് 16ന് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ബിജെപി പ്രവർത്തകർ ഉൾപ്പെടുന്ന സംഘം ക്രൂരമായി മർദിച്ചതിലുള്ള മനോവിഷമം മൂലമാണു യുവാവ് മരിക്കാനിടയായതെന്നു പരാതി ഉയരുകയും ഇതേതുടർന്ന് ഒട്ടേറെ പ്രതിഷേധങ്ങളും അരങ്ങേറിയതോടെയാണു പോലീസ് ഒരു മാസത്തിനു ശേഷം കേസെടുത്തത്.
അഭിജിത്തിനെ പോലീസ് സ്റ്റേഷനിൽ വച്ചു മർദിച്ചതായി പറയുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കണമെന്ന ആവശ്യവും അതിനോടൊപ്പം ഉയർന്നിട്ടുണ്ട്.