പ്രിയപ്പെട്ടവർ വിടപറയാതെ വിടചൊല്ലി, കണ്ണീർ തോരാതെ ഒരു ഗ്രാമം
1516982
Sunday, February 23, 2025 5:44 AM IST
രാജാക്കാട്: നിനച്ചിരിക്കാത്ത നേരത്തുണ്ടായ ദുരന്തം ഒരുനാടിനെ മുഴുവൻ നൊന്പരത്തിലാഴ്ത്തി. കായിക ലോകത്തിന് ഏറെ സംഭാവനകൾ നൽകിയ ഒളിന്പ്യൻമാരായ കൊന്പൊടിഞ്ഞാൽ കലയത്തുംകുഴി കെ.എം. ബീനാമോൾ, കെ.എം. ബിനു എന്നിവരുടെ സഹോദരി റീന, ഭർത്താവ് പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ബിനുവിന്റെ ഭാര്യാ പിതാവ് തത്തംപിള്ളിൽ ഏബ്രഹാം (അവറാച്ചൻ) എന്നിവരുടെ മരണവാർത്ത അറിഞ്ഞപ്പോൾ നാട്ടുകാർക്കും ബന്ധുക്കൾക്കും സങ്കടമടക്കാനായില്ല. എല്ലാവരുമായി നല്ല സ്നേഹബന്ധം ഉണ്ടായിരുന്ന ഇവരുടെ വേർപാട് അറിഞ്ഞപ്പോൾ ഉറ്റവർക്ക് വിശ്വസിക്കാൻപോലുമായില്ല.
വെള്ളിയാഴ്ച വൈകുന്നേരം ജോസ്ഗിരിയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുംവഴി രാത്രി 10.30-ഓടെ അന്പലക്കുന്ന് റോഡിലൂടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് പന്നിയാർകുട്ടി പള്ളിക്കു സമീപം കൊക്കയിലേക്ക് മറിഞ്ഞായിരുന്നു മൂവരുടേയും ജീവൻ പൊലിഞ്ഞത്. ജല അഥോറിട്ടി ജീവനക്കാരനായി നേരത്തേ സേവനം ചെയ്തിരുന്ന അവറാച്ചൻ വാഹനം വളരെ ശ്രദ്ധയോടെ ഓടിച്ചിരുന്നയാളാണ്.
റോഡരികിൽ കൂട്ടിയിട്ടിരുന്ന ജലവിതരണ പൈപ്പുകളിൽ കയറി ജീപ്പ് നിയന്ത്രണം വിട്ട് 100 അടി താഴ്ചയുള്ള പുരയിടത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന.
വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അപകട സ്ഥലത്തേക്ക് ഏറെ സാഹസികമായാണ് ഇവർ എത്തിച്ചേർന്നത്. പൊടിയിൽ മുങ്ങി രക്തത്തിൽ കുളിച്ചു കിടന്നവരെ ആദ്യം രക്ഷാപ്രവർത്തകർക്ക് തിരിച്ചറിയാനായില്ല. പാറക്കല്ലിന്റെ അടിയിൽ പരിക്കേറ്റു കിടന്ന റീനയെ കല്ലുനീക്കിയാണ് പുറത്തെടുത്തത്.
ബന്ധുക്കളായ അവറാച്ചനും ബോസും വലിയ സൗഹൃദത്തിലായിരുന്നു. ഇവർ ഒരുമിച്ച് യാത്ര ചെയ്യുന്നതും പതിവായിരുന്നു. പ്രളയത്തിൽ മണ്ണിടിഞ്ഞ് വീട് നഷ്ടപ്പെട്ടതിനെ തുടർന്നു കഠിനാധ്വാനിയായ ബോസ് പന്നിയാർകുട്ടി പാലത്തിനു സമീപം പുതിയ വീട് നിർമിച്ച് താമസം തുടങ്ങിയിട്ട് ഏറെനാളുകളായില്ല. ബോസിന്റെ മൂത്തമകൾ ആനി യുകെയിലും രണ്ടാമത്തെ മകൾ മരിയൻ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലുമാണ് ജോലിചെയ്തുവരുന്നത്. കായികതാരമായ മൂന്നാമത്തെ മകൾ അബിയ തലശേരി സായിയിലാണ് പഠനം. 2018-ലെമഹാപ്രളയത്തെ തുടർന്നു പന്നിയാർകുട്ടിയിൽ വൻ മണ്ണിടിച്ചിലുണ്ടാകുകയും ഇവരുടെ വീടും കൃഷിദേഹണ്ഡങ്ങളും ഒലിച്ചുപോകുകയും ചെയ്തിരുന്നു. അന്ന് തറവാട്ടിൽ അഭയം തേടിയ കുടുംബം വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അടിമാലി പള്ളത്തുകുടി ഓമനയാണ് അവറാച്ചന്റെ ഭാര്യ. മൂത്ത മകൾ നീതുവിനെയാണ് കൊച്ചിൻ കസ്റ്റംസ് ഓഫീസറായ ഒളിന്പ്യൻ കെ.എം. ബിനു വിവാഹം കഴിച്ചിരിക്കുന്നത്. പഞ്ചാബിലെ ജലന്ധറിൽ മെക്കാനിക്കൽ എൻജിനിയറായ ആനന്ദ്, അശ്വതി എന്നിവരാണ് മറ്റുമക്കൾ. ആനന്ദിന്റെ ഭാര്യ ജ്യോതിസ്. അശ്വതിയും ഭർത്താവ് ജോമോനും ന്യൂസിലൻഡിലാണ്. മൃതദേഹങ്ങൾ ഇന്നു വൈകുന്നേരം നാലിന് വീടുകളിലെത്തിക്കും. നാളെ രാവിലെ പത്തിന് ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേലിന്റെ മുഖ്യകാർമികത്വത്തിൽ പന്നിയാർകുട്ടി സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും.