നരിയംപാറ വെള്ളിലാംകണ്ടം-കിഴക്കേമാട്ടുക്കട്ട റോഡിന് 10.60 കോടിയുടെ ഭരണാനുമതി
1516962
Sunday, February 23, 2025 5:43 AM IST
കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ പ്രധാന റോഡായ നരിയംപാറ മേലേകാഞ്ചിയാർ-കൽത്തൊട്ടി-വെള്ളിലാംകണ്ടം-കിഴക്കേമാട്ടുക്കട്ട-ചേന്പളം റോഡിന് 10.60 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 7.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 5.5 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. അത്യാവശ്യ ഇടങ്ങളിൽ ഐറിഷ് ഓടകൾ, സംരക്ഷണ ഭിത്തി, സൂചന ബോർഡുകൾ, കലുങ്കുകൾ, കൂടാതെ ക്രാഷ് ബാരിയറുകൾ, റിഫ്ലക്ടറുകൾ തുടങ്ങിയ സുരക്ഷാ മുന്നറിയിപ്പുകളും നിർമിക്കും.
പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള ആദ്യകാല റോഡായ ഇത് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നതോടെ മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന-കുട്ടിക്കാനം റോഡിന് മറ്റൊരു ബൈപാസ് റോഡായി മാറ്റാൻ കഴിയും. കാഞ്ചിയാർ പഞ്ചായത്തിലെ ജനസാന്ദ്രതയേറിയ ആറു വാർഡുകളിൽ കൂടി കടന്നു പോകുന്ന റോഡിന്റെ നിർമാണത്തോടെ നിരവധി പ്രാദേശിക യാത്രക്കാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനം ലഭിക്കും.