സിഎച്ച് ആർ സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങൾ അന്വേഷിക്കണമെന്ന്
1516120
Friday, February 21, 2025 12:00 AM IST
കട്ടപ്പന: സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് സർക്കാർ, സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങളാണ് നൽകിയിരിക്കുന്നതെന്നും ഇത് അന്വേഷിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.
നാലു താലൂക്കുകളിലെ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കുന്ന വിഷയത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണ്. സിഎച്ച്ആറിനെക്കൂടി സംരക്ഷിത വനമാക്കി ജില്ലയിൽ വീണ്ടും വനവിസ്തൃതി വർധിപ്പിക്കാനുള്ള ഗൂഢ നീക്കമാണ് സർക്കാർ നടത്തുന്നത്. 413 ചതുരശ്രമൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്ന തെറ്റായ കണക്കാണ് സർക്കാർ, സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്.
കൊളാറ്ററൽ നടപടികളിൽ സമർപ്പിച്ചിട്ടുള്ള രേഖകളിലും സത്യവാങ്മൂലങ്ങളിലും സിഎച്ച്ആറിന്റെ വിസ്തൃതിയിലുള്ള പൊരുത്തക്കേടുകൾ പരിഹരിച്ച് വ്യക്തമായ നിലപാട് സമർപ്പിക്കണമെന്ന് 2024 ഏപ്രിൽ 15ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം 23/10/2024 ൽ നൽകിയ സത്യവാങ്മൂലവും ലാൻഡ് റവന്യു കമ്മീഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് 12/7/2024 ൽ നൽകിയ റിപ്പോർട്ടിലെ വിവരങ്ങളും അവഗണിച്ചാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഇത് കേസിൽ കർഷകർക്ക് തിരിച്ചടിയാകുമെന്ന് മാത്രമല്ല ഈ മേഖലയിൽ നൽകിയിട്ടുള്ള പട്ടയങ്ങളുടെ നിയമസാധുതപോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടാക്കും. ഇനി പട്ടയം നൽകുന്നതിനെയും ഇത് പ്രതികൂലമായി ബാധിക്കും. സർക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിക്കേണ്ട ജില്ലയിൽനിന്നുള്ള മന്ത്രിയടക്കമുള്ള സിഎച്ച്ആർ മേഖലയിലെ ജനപ്രതിനിധികൾ ഈ വിഷയം പഠിക്കാതെ പ്രസ്താവനകൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്.
ലാൻഡ് റവന്യു കമ്മീഷണർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പറയുന്നത്.
1917 ൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ഫോറസ്റ്റ് മാനുവൽ പ്രകാരം 336 ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി. ഉടുന്പൻചോല താലൂക്ക് ഹെഡ് സർവേയറുടെ 5/7/2024 ലെ റിപ്പോർട്ട് പ്രകാരം 392.1987ചതുരശ്ര മൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി.
2020 - 21 ലെ വനംവകുപ്പിന്റെ വാർഷിക ഭരണ റിപ്പോർട്ട് പ്രകാരം 329.051 ചതുരശ്രമൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതി.
താലൂക്ക് ഹെഡ് സർവേയർ സിഎച്ച്ആറിന്റെ വിസ്തൃതി കണ്ടെത്താൻ ഉപയോഗിച്ചത് 1970 ൽ തയാറാക്കിയ സർവേ ഓഫ് ഇന്ത്യയുടെ മാപ്പാണ്. ഇതിൽ സിഎച്ച്ആറിന്റെ അതിർത്തി മാർക്ക് ചെയ്ത് വിസ്തൃതി കണക്കുകൂട്ടുകയാണ് ചെയ്തത്.
ഈ മൂന്ന് കണക്കും മറികടന്നാണ് 413 ചതുരശ്രമൈലാണ് സിഎച്ച്ആറിന്റെ വിസ്തൃതിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ ഏറ്റവും പുതിയ സത്യവാങ്മൂലം നൽകിയത്. 413 ചതുരശ്രമൈലാണ് സിഎച്ച്ആർ വിസ്തൃതിയെന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ ഈ കാര്യങ്ങൾ വ്യക്തമാണെന്നും സുപ്രീം കോടതിയിൽനിന്ന് കർഷകർക്ക് അനുകൂലമായി വിധിയുണ്ടാകുമെന്നുമാണ് ജില്ലയിൽനിന്നുള്ള മന്ത്രി പറയുന്നത്. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് സിഎച്ച്ആർ വിസ്തൃതി 413 ചതുരശ്രമൈലാണെന്ന് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം. സിഎച്ച്ആർ വിഷയത്തിൽ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും കർഷകർക്ക് ആശങ്ക വേണ്ടന്നുമാണ് സിപിഎം, സിപിഐ നേതാക്കളും പറയുന്നത്.
സിഎച്ച്ആറിന്റെ വിസ്തൃതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിനുശേഷവും തെറ്റായ കണക്ക് നൽകിയത് ഈ വിഷയം കൂടുതൽ സങ്കീർണമാക്കാനാണ്. സിഎച്ച്ആർ മേഖലയിൽനിന്നുള്ള എംഎൽഎമാർ ഈ വിഷയം പഠിക്കാൻ തയാറാകണമെന്നും സർക്കാരിനെക്കൊണ്ട് തെറ്റ് തിരുത്തിച്ച് കർഷകതാത്പര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.