ജില്ലയിൽ ജയിൽജ്യോതി പദ്ധതി ആരംഭിക്കുന്നു
1516964
Sunday, February 23, 2025 5:43 AM IST
തൊടുപുഴ: സംസ്ഥാന സാക്ഷരതാ മിഷൻ ജയിൽ വകുപ്പുമായി ചേർന്നു നടപ്പാക്കുന്ന ജയിൽജ്യോതി പദ്ധതി ജില്ലയിലും ആരംഭിക്കുന്നു. ജയിലിൽ റിമാൻഡിൽ കഴിയുന്നവർക്കും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്കും തുടർ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എഴുതാനും വായിക്കാനും അറിയാത്തവരെ സാക്ഷരതാ കോഴ്സിൽ ചേർത്തു പഠിപ്പിക്കും.
പഠനം മുടങ്ങിയവരെയും തുടർ വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവരെയും നാലു മുതൽ ഹയർ സെക്കൻഡറി വരെയുള്ള തുല്യതാ കോഴ്സുകളിൽ ചേർത്തു പഠിപ്പിക്കും. ഭാഷാപഠനത്തിൽ താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റ് കോഴ്സുകളിൽ ചേർന്നു പഠിക്കാനും അവസരമുണ്ട്. പദ്ധതി പ്രവർത്തനങ്ങളുടെ മുന്നോടിയായി ജില്ലാ ജയിലിൽ ക്ലാസ് സംഘടിപ്പിച്ചു. ജയിൽ സൂപ്രണ്ട് ടി.എ. ഇമാംറാസി, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം, ജയിൽ വെൽഫെയർ ഓഫീസർ കെ.പി. ലിജി, ഡയസ് ജോസഫ്, ബിൻസ് മാത്യു എന്നിവർ നേതൃത്വം നല്കി.