ചൊക്രമുടി കൈയേറ്റത്തിൽ റവന്യു വകുപ്പ് പ്രതിക്കൂട്ടിൽ
1516118
Friday, February 21, 2025 12:00 AM IST
രാജാക്കാട്: വിവാദമായ ചൊക്രമുടി മലനിരകൾ കൈയേറിയ സംഭവത്തിൽ റവന്യു വകുപ്പ് പ്രതിക്കൂട്ടിലാകും. റെഡ് സോണിൽപ്പെട്ട അതീവ പ്രാധാന്യമുള്ള ഈ മലനിരകളിൽ കൈയേറ്റം നടത്തി സ്വകാര്യ വ്യക്തി കൃത്രിമ രേഖകൾ ചമച്ചത് റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് തെളിഞ്ഞു. അതിന്റെയടിസ്ഥാനത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ, കൈയേറ്റക്കാർക്കോ മരങ്ങൾ മുറിച്ചവർക്കോ നീലക്കുറിഞ്ഞികൾ നശിപ്പിച്ചവർക്കോ അനധികൃതമായി പാറഖനനം ചെയ്ത് തടയണ നിർമിച്ചവർക്കോ എതിരേ ഒരു നടപടിയും സ്വീകരിക്കാൻ റവന്യു വകുപ്പിനോ സർക്കാരിനോ കഴിഞ്ഞിട്ടില്ല. കൈയേറ്റക്കാർക്ക് ഒത്താശ ചെയ്തത് റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ ജില്ലാ നേതാവാണെന്ന് ആ പാർട്ടിയിൽനിന്നുതന്നെ ആരോപണമുയർന്നിട്ടുമുണ്ട്.
കൈയേറ്റം മാധ്യമങ്ങൾ പുറത്തു കൊണ്ടുവന്നതിനെത്തുടർന്ന് വിവാദമാകുകയും അന്വേഷണത്തിന് അധികൃതർ നിർബന്ധിതരാകുകയുമായിരുന്നു. വിവാദ സ്ഥലത്ത് പട്ടയമുണ്ടെന്ന് അവകാശപ്പെട്ട 54 പേരെ ദേവികുളം സബ് കളക്ടർ ഹിയറിംഗിന് വിളിക്കുകയും ചെയ്തു. പട്ടയങ്ങളിൽ പലതും നിയമാനുസൃതമല്ലെന്ന് കണ്ടെത്തുകയും ചെയ്തതാണ്.
ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ദേവികുളം സബ് കളക്ടർ ഇടുക്കി ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തതാണ്. എന്നാൽ, തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചൊക്രമുടി മേഖലയിൽ തീപടർന്നത്. നീലക്കുറിഞ്ഞിച്ചെടികളും കാട്ടുമരങ്ങൾ മുറിച്ചു കടത്തിയതിന്റെ കുറ്റികളും തീയിൽ കത്തിനശിക്കുയും ചെയ്തു. ഇതോടെ തീപടർന്നതും വിവാദമാവുകയാണ്.