ക്രാഷ് ബാരിയറുകൾ പ്രയോജനം ചെയ്യുന്നില്ല; അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നു
1516971
Sunday, February 23, 2025 5:44 AM IST
കട്ടപ്പന: വാഹനാപകടങ്ങളുടെ തീവ്രത കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റോഡ് അരികിൽ ക്രാഷ് ബാരിയറുകൾ നിർമിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ അപകടം നടക്കുന്ന വേളയിൽ അപകടത്തിന്റെ തീവ്രത വർധിപ്പിക്കുന്നതായാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
കട്ടപ്പന-വള്ളക്കടവ് റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയർ വേണ്ടത്ര സുരക്ഷാമുൻകരുതലുകൾ ഇല്ലാതെയാണ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി യുവാവു മരിക്കാനിടയായ അപകടത്തിൽ ക്രാഷ് ബാരിയർ കാറിന്റെ ഉള്ളിലൂടെ തുളച്ചുകയറുകയായിരുന്നു. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകളുടെ അഗ്രഭാഗം റോഡിലേക്ക് ചെരിച്ചുസ്ഥാപിക്കണം അതല്ലെങ്കിൽ ഇതിന്റെ അഗ്രഭാഗത്ത് സേഫ്ടി ഗാർഡുകൾ സ്ഥാപിക്കണം എന്നാണ് വ്യവസ്ഥ. ഇവ കൃത്യമായി സ്ഥാപിക്കാതെ വരുമ്പോഴാണ് അപകടത്തിന്റെ തീവ്രത വർദ്ധിക്കുന്നത്. കരാർ എടുക്കുന്നവർ ഇതിന് മുതിരാറില്ലെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
കട്ടപ്പന - വള്ളക്കടവ് റോഡിൽ നിരവധി ഭാഗങ്ങളിൽ ക്രാഷ് ബാരിയറുകൾ ഇത്തരത്തിൽ അപകടക്കെണിയായി മാറുന്നുണ്ട്. കൂടാതെ ഈ പാതയെ മറ്റു പാതകളുമായി താരതമ്യം ചെയ്യുമ്പോൾ വീതി കുറവുണ്ട്. കാൽനട യാത്രക്കാർക്ക് റോഡരികിലൂടെ സുഗമമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടും നേരിടുന്നുണ്ട്.