ജാമ്യമില്ലാ കുറ്റം; വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാൽ ഏഴു വർഷം വരെ തടവ്
1516970
Sunday, February 23, 2025 5:43 AM IST
ഇടുക്കി: വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നവർക്ക് മൂന്നു മുതൽ ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കുമെന്ന് ജില്ലാ കളക്ടർ വി.വിഗ്നേശ്വരി. ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു കളക്ടർ. വന്യജീവി സംരക്ഷണ നിയമ പ്രകാരം വേട്ടയ്ക്കു തുല്യമായിട്ടാണ് വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നതിനെ കണക്കാക്കുന്നത്. ഹോണടിച്ചും വാഹനം ഇരന്പിപ്പിച്ചും ബഹളം വച്ചും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണെന്ന് കളക്ടർ പറഞ്ഞു.
അതിഥി തൊഴിലാളികളെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭ്യമാക്കാൻ തൊഴിൽ, വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദേശം നൽകി. ജില്ലയിലെ അറവു ശാലകൾ സംബന്ധിച്ച് കൃത്യമായ കണക്കെടുക്കണം. ബാലവേല സംബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലും ബോധവത്കരണം നടത്തണം. പ്ലാന്റേഷനുകളിൽ നോട്ടീസ് നൽകണം. ശിശുക്ഷേമ സമിതി, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.
മഴക്കാലത്തിനുമുന്പുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്നും യോഗത്തിൽ നിർദേശം നൽകി. ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.പി.സുദേഷ് എന്നിവർ പ്രസംഗിച്ചു.