മൂന്നു പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിൽ ഡ്രൈവർക്കെതിരേ നടപടി
1516119
Friday, February 21, 2025 12:00 AM IST
മൂന്നാർ: മൂന്നാറിലെ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കാനിടയായ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കന്യാകുമാരി സ്വദേശി വിനേഷ് (33) ആണ് അറസ്റ്റിലായത്. അപകടകരമായ രീതിയിലും അലക്ഷ്യമായും വാഹനം ഓടിച്ച കേസിലാണ് അറസ്റ്റ്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നാടിനെ നടുക്കിയ സംഭവത്തിൽ മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ഹൃദയഭേദകമായ വേദനയോടെയാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്.
തമിഴ്നാട് നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ രണ്ടാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ കന്യാകുമാരി ജില്ലയിലെ തിങ്കൾനഗർ മാങ്കുഴി സ്വദേശി ആർ. ആദിക (19), അഞ്ചുഗ്രാമം കനകപ്പപുരം സ്വദേശി ആർ. വേണിക (19), തിരുനെൽവേലി ജില്ലയിലെ ഏർവാടി സ്വദേശി സുധൻ നിത്യാനന്ദൻ (19) എന്നിവരാണു മരിച്ചത്. കെബിൻ (20) ഗുരുതര പരിക്കുകളോടെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയിൽ രാവിലെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഉച്ചയോടെ മൂവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ബന്ധുക്കളും പ്രദേശവാസികളും കോളജിലെ അധ്യാപകരുമടക്കം വലിയൊരു സംഘം തമിഴ്നാട്ടിൽനിന്നും അടിമാലിയിലെ ആശുപത്രിയിൽ എത്തി.
കോളജിലും ക്ലാസിലും ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്ന വേണികയും ആദികയും മരണത്തിലും പിരിഞ്ഞില്ല. ബസിലും അടുത്തടുത്ത് സീറ്റുകളിലായിരുന്നു ഇരുവരും. കൂലിത്തൊഴിലാളിയായ രാമുവും ഭാര്യ കാളിയമ്മാളും ചെറിയ വരുമാനങ്ങൾ കൂട്ടിവച്ചാണ് ആദികയേയും ഇളയ സഹോദരി അൻസികയെയും കോളജിൽ അയച്ചിരുന്നത്. പിതാവിന്റെ കഷ്ടപ്പാടിന് പരിഹാരമാകുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്ന ആദികയുടെ വേർപാട് ഉൾക്കൊള്ളാൻ ഇനിയും കുടുംബത്തിന് ആയിട്ടില്ല.
ഇന്നു രാവിലെ പത്തിന് ആദികയുടെ മൃതദേഹം കന്യാകുമാരിയിൽ സംസ്കരിക്കും.
അഞ്ചുഗ്രാമം കനകപുരം സ്വദേശി ആർ. വേണികയുടെ മരണം ഇല്ലാതാക്കിയത് ഒരു വലിയ കുടുംബത്തിന്റെ പ്രതീക്ഷകളാണ്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന വേണികയുടെ അച്ഛൻ രമേശ് വീണ് പരിക്കേറ്റിട്ട് വർഷങ്ങളായി. അതിനുശേഷം കഠിനമായ ജോലികൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയുന്നില്ല. മാതാവ് വീണയും സഹോദരങ്ങളായ കൗശിക്കും പ്രിയയും രമേഷിന്റെ സഹോദരൻ സുധാകരനും കുടുംബത്തിനും ഒപ്പമാണ് താമസിച്ചിരുന്നത്. സുധാകരനും വീണയും കെട്ടിടനിർമാണ തൊഴിൽ ചെയ്തു ലഭിച്ചിരുന്ന തുച്ഛമായ തുകയാണ് ഈ കുടുംബത്തിന്റെ ആകെ ആശ്രയം.
പഠിച്ച് ജോലി സന്പാദിച്ച് കുടുംബത്തെ കരകയറ്റാമെന്ന പ്രതീക്ഷയോടെയാണ് വേണിക കംപ്യൂർ സയൻസ് ബിരുദത്തിന് ചേർന്നത്. എന്നാൽ വിധി അവിടെയും തുണച്ചില്ല.