ത്രിവേണി മനോഹരം: അപകടം ഒഴിവാക്കാൻ ബോർഡ് പോലുമില്ല
1516972
Sunday, February 23, 2025 5:44 AM IST
അറക്കുളം: നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന അറക്കുളം പഞ്ചായത്തിലെ പ്രധാന ടൂറിസ്റ്റുകേന്ദ്രമായ ത്രിവേണി സംഗമത്തിൽ മതിയായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. മൂലമറ്റം പവർ ഹൗസിൽ നിന്നു വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഇവിടെയാണ് വന്നുചേരുന്നത്.
വലിയാറും നാച്ചാറും കനാലും സംഗമിക്കുന്ന സ്ഥലമാണ് ഇവിടം. പവർ ഹൗസിൽ കൂടുതൽ ജനറേറ്ററുകൾ പ്രവർത്തിക്കുന്പോൾ പുഴയിൽ പെട്ടെന്നു ജലനിരപ്പുയരും. ഇത് അറിയാതെ പുഴയിലിറങ്ങുന്നവർ പലപ്പോഴും അപകടത്തിൽപ്പെടുന്നത് പതിവാണ്. മറ്റു ജില്ലകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് പുഴയുടെ ഒഴുക്കും ആഴവും നിശ്ചയമില്ലാത്തതിനാൽ അവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. അഞ്ചോ അതിലധികമോ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്പോൾ കുത്തൊഴുക്കാണ് ഇവിടെയുണ്ടാകുന്നത്. കഴിഞ്ഞ ഏതാനും നാളുകൾക്കിടെ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. പലരെയും വടവും മറ്റും ഉപയോഗിച്ചാണ് നാട്ടുകാർ കരയ്ക്കു കയറ്റിയത്. ഏറ്റവുമൊടുവിൽ കോളജ് വിദ്യാർഥിയാണ് അപകടത്തിൽപ്പെട്ടത്.
ദൂരെ സ്ഥലങ്ങളിൽ നിന്ന് ഇവിടെയെത്തുന്നവർക്ക് അപകട സാധ്യതയെക്കുറിച്ച് അറിയില്ല. ത്രിവേണി സംഗമത്തോട് ചേർന്നുള്ള വിയർ കെട്ടിന്റെ ഭാഗത്ത് അടിയന്തരമായി സുരക്ഷാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണം. ഇതിനു പുറമെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇവിടെയൊരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
മൂലമറ്റം എകെജി തൂക്കുപാലം നിർമിക്കുന്നതോടെ മൂന്നുങ്കവയൽ-കൂവപ്പള്ളി- ഇലവീഴാ പൂഞ്ചിറ വഴി ഗതാഗത സൗകര്യം ഒരുങ്ങുന്നതോടെ കൂടുതൽ സഞ്ചാരികൾ ഇതുവഴിയെത്തും. നാടുകാണി-മൂലമറ്റം കേബിൾ കാർ പദ്ധതി, മലങ്കര കാടൻകാവിൽ തുരുത്ത്, കാഞ്ഞാർ, അറക്കുളം ടൂറിസം പദ്ധതി കൂടി യാഥാർഥ്യമാകുന്നതോടെ വലിയ ടൂറിസം വികസനത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. എംവിഐപി വക സ്ഥലം സ്വകാര്യ ഏജൻസിക്ക് ലീസിനു നൽകുന്ന പദ്ധതിയുടെ കരാർ അടുത്ത മാസം ഉണ്ടാകും.
സന്ദർശകർക്കായി ഇ-ടോയ്ലറ്റ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും അറക്കുളം പഞ്ചായത്ത് ടൂറിസം കൗണ്സിൽ ആവശ്യപ്പെട്ടു. ടൂറിസം കോ-ഓർഡിനേറ്റർ സണ്ണി കൂട്ടുങ്കൽ, ജോസ് എടക്കര, കെ.ആർ. സന്തോഷ് കുമാർ, സന്തോഷ് കോച്ചേരി, വി.സി മണിയമ്മ, ജോർജ് കന്പകം എന്നിവർ പ്രസംഗിച്ചു.