രമേശന്റെ ചികിത്സയ്ക്കായി നാട് കൈകോർക്കുന്നു
1515768
Wednesday, February 19, 2025 11:26 PM IST
ചെറുതോണി: കെഎസ്ഇബിയിൽ ലോഡ് ഇറക്കുന്നതിനിടെ കേബിള്‍ ചുറ്റിയ റോൾ കാലിൽ വീണ് ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ തൊഴിലാളി ചെറുതോണി തൊടുകയില്‍ രമേശ(56)ന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ നാട് കൈകോർക്കുന്നു.
ചികിത്സാ സഹായ നിധി സ്വരൂപിക്കാനായി ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് ധനസമാഹരണം നടത്തുന്നത്. രാജഗിരിയിലെ സ്വകാര്യാശുപത്രിയിൽ കഴിയുന്ന രമേശന്റെ ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപ വേണം. രണ്ടു കാലിനും ഗുരുതരമായി പരിക്കേറ്റ രമേശന് ഇതുവരെ നിരവധി സർജറികള്‍ നടന്നു. ഞരമ്പ്, മസില് എന്നിവ ശരിയാകുന്നതിന് മേജർ സർജറികൾ വേണമെന്നാണ് ഡോക്ടര്‍മാർ പറഞ്ഞിരിക്കുന്നത്. അടിയന്തരമായി 15 ലക്ഷം രൂപകൂടി ആവശ്യമാണ്.
ഷീറ്റു മേഞ്ഞ ഒരു വീടു മാത്രമുള്ള രമേശന് ഓട്ടോറിക്ഷ ഓടിച്ചും ഒഴിവുസമയങ്ങളില്‍ ലോഡ് ഇറക്കിയുമാണ് കുടുബം പുലര്‍ത്തിയിരുന്നത്. ഇതുവരെ സുമനസുകള്‍ സഹായിച്ചാണ് ചികിത്സ നടത്തിയത്. നിലവില്‍ ആശുപത്രിയില്‍ കടംപറഞ്ഞാണ് ചികിത്സ തുടരുന്നത്.
ശസ്ത്രക്രിയ ഉടന്‍ തന്നെ നടത്തണം. ഇതിനു പണം കണ്ടെത്തുന്നതിന് രാഷ്ട്രീയ-സാമുദായ- സംഘടനകള്‍, ഓട്ടോ - ടാക്സി തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ധനസമാഹരണം നടത്തിവരികയാണ്.
വാഴത്തോപ്പ് പഞ്ചായത്തു പ്രസിഡന്റ് ജോര്‍ജ് പോള്‍ ചെയര്‍മാനായും പഞ്ചായത്തംഗം ടിന്റു സുബാഷ് കണ്‍വീനറുമായി ചികിത്സാ സഹായ നിധി കനറ ബാങ്ക് ചെറുതോണി ശാഖയിൽ 110227486256, ഐഫ്എസ്സി CNRB0007443 നന്പരായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. രമേശന്റെ ചികിത്സാച്ചെലവിനായി കഴിവുള്ളവര്‍ സഹായിക്കണമെന്ന് ഭാരവാഹികളാവശ്യപ്പെട്ടു.