അനീതിക്കെതിരേ പോരാടിയ പാലക്കീൽ പാപ്പച്ചൻ വിടവാങ്ങി
1516980
Sunday, February 23, 2025 5:44 AM IST
ഇടുക്കി: സർക്കാർ നൽകിയ പെൻഷൻപോലും വേണ്ടെന്നുവച്ച് അനീതിക്കെതിരേ പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പാലക്കീൽ ജോർജ് (പാപ്പച്ചൻ - 97) വിടവാങ്ങി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തെങ്കിലും അതിന്റെ പേരിൽ സർക്കാർ നൽകിയ ഒരാനുകൂല്യവും പാലക്കീൽ പാപ്പച്ചൻ ചേട്ടൻ കൈെപ്പറ്റിയിട്ടില്ല. നഗ്നപാദനായി നാട്ടിലുടനീളം നടന്ന അദ്ദേഹം ആദർശ രാഷ്ട്രീയത്തിന്റെ ആൾ രൂപമായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വിദ്യാർഥി സംഘടനയിലൂടെയാണ് ദേശീയ സമര രംഗത്ത് നിലയുറപ്പിച്ചത്.
ആചാര്യ വിനോബ ഭാവേയുടെ ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭാരതത്തിലുടനീളം കാൽനട യാത്ര നടത്തിയിട്ടുണ്ട്. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു ുന്പ് തിരുക്കൊച്ചിയിൽ അക്കാമ്മ ചെറിയാൻ, ആർ.വി. തോമസ്, പി.എം. വർഗീസ് തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചു. കുറച്ചുകാലം ബേബി ജോണിനോടൊപ്പം ചേർന്ന് ആർഎസ്പി പ്രവർത്തകനായി.
പിന്നീട് തിരുക്കൊച്ചി പ്രധാന മന്ത്രിയായിരുന്ന ഇക്കണ്ട വാര്യരുമായുള്ള പരിചയമാണ് സർവോദയ പ്രസ്ഥാനത്തിലേയ്ക്ക് കടന്നു വരാൻ പ്രേരകമായത്. എം.പി. മന്മഥൻ, കെ.കെ. കുമാരൻ മാസ്റ്റർ തുടങ്ങിയവരുമായും ഒന്നിച്ച് പ്രവർത്തിച്ചു.
മുട്ടം സ്വദേശിയായ ഇദ്ദേഹം തുടങ്ങനാട് സഹകരണ ബാങ്ക് ഡയറക്ടർ, കൃഷിഭവൻ ഉപദേശക സമിതിയംഗം, പ്രൈമറി ഹെൽത്ത് സെന്റർ അഡ്വൈസറി കമ്മിറ്റിയംഗം, ബ്ലോക്ക് ഉപദേശക സമിതിയംഗം, താലൂക്ക് വികസന സമിതിയംഗം, താലൂക്ക് ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെംബർ, ചള്ളാവയൽ ക്ഷീരകർഷക സംഘം സ്ഥാപകാംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാനവ അവകാശ സംരക്ഷണ വേദിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.