ശാസ്താംപാറയിൽ അടിക്കാടുകൾക്ക് തീ പിടിച്ചു
1516969
Sunday, February 23, 2025 5:43 AM IST
തൊടുപുഴ: ശാസ്താംപാറയിൽ എൽപി സ്കൂളിനും ക്ഷേത്രത്തിനും സമീപം പുല്ലിനും അടിക്കാടുകൾക്കും തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി 10.45ഓടെ ആയിരുന്നു സംഭവം. പ്രവർത്തനം നിർത്തിയ പാറമടയ്ക്കു സമീപമാണ് തീ പിടിത്തമുണ്ടായത്. ആനകെട്ടിപ്പറന്പിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. അടിക്കാടുകൾ ഉണങ്ങിയതിനാൽ തീ അതിവേഗം ആളിപ്പടർന്നു.
നാട്ടുകാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ തൊടുപുഴ അഗ്നി രക്ഷാ സേനയെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് സേന സ്ഥലത്തെത്തി.
തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് സേനയുടെ ചെറിയ വാഹനം പോലും എത്താൻ കഴിയാത്തതിനാൽ ജീവനക്കാർ സ്ഥലത്തേക്ക് നടന്നെത്തി ഫയർ ബീറ്റർ ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയായിരുന്നു. കൂടാതെ ബക്കറ്റിലും മറ്റും വെള്ളം സ്ഥലത്തെത്തിച്ച് അരമണിക്കൂറിനുള്ളിൽ തീ പൂർണമായും അണയ്ക്കുകയും ചെയ്തു. പലപ്പോഴും അഗ്നിരക്ഷാ സേനയുടെ വാഹനം എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളിലാണ് തീപിടുത്തം ഉണ്ടാകുന്നത്. ഇവിടേക്കു നടന്നെത്തി ഫയർ ബീറ്റർ ഉപയോഗിച്ച് തീ തല്ലിക്കെടുത്തുകയാണ് ഏക പോംവഴി.