വരൾച്ച: ഏലം മേഖലയ്ക്ക് 10 കോടി അനുവദിച്ചത് സ്വാഗതാർഹം
1516979
Sunday, February 23, 2025 5:44 AM IST
ഇടുക്കി: കഴിഞ്ഞ വേനലിൽ ഇടുക്കി ജില്ലയിലെ ഏലം മേഖലയിൽ നാശനഷ്ടങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ 10 കോടി രൂപ അനുവദിച്ചത് സ്വാഗതാർഹമാണെന്ന് വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ.
ഏലം കർഷകർ നേരിട്ട കനത്ത നാശനഷ്ടങ്ങൾ ഫെഡറേഷൻ മന്ത്രി റോഷി അഗസ്റ്റിൻ വഴി സർക്കാരിനെ ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്ന് കൃഷി മന്ത്രി പി. പ്രസാദും മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെത്തി കരിഞ്ഞുണങ്ങിയ ഏലം തോട്ടങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ മനസിലാക്കിയതിനെ തുടർന്നാണ് 10 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചതെന്ന് ഫെഡറേഷൻ ചെയർമാൻ സ്റ്റനി പോത്തനും ജനറൽ സെക്രട്ടറി പി.ആർ. സന്തോഷും അറിയിച്ചു.
ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ദുരിതാശ്വാസം ഏലം കർഷകരിലേക്കെത്തുന്നത്. പ്രഖ്യാപിച്ച ദുരിതാശ്വാസം അർഹതപ്പെട്ട കർഷകർക്കു മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് അധികൃതർ ഉറപ്പാക്കണം. ഈ വേനലിലും കൃഷി നാശമുണ്ടാകുമോയെന്ന് ആശങ്ക കർഷകർക്കുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.