ലൈബ്രറി കൗണ്‍സിൽ തെരഞ്ഞെടുപ്പ്: യുഡിഎഫ് അംഗം തോറ്റു
1516123
Friday, February 21, 2025 12:00 AM IST
തൊടുപുഴ: നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിനെത്തുടർന്ന് മുസ്ലിം ലീഗുമായുണ്ടായ അഭിപ്രായ വ്യത്യാസം അവസാനിച്ചെന്ന് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്പോഴും താലൂക്ക് ലൈബ്രറി കൗണ്‍സിലിലേക്ക് നഗരസഭാ കൗണ്‍സിൽ പ്രതിനിധിയെ തെരഞ്ഞെടുത്തപ്പോൾ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് തോൽവി.
പ്രതിനിധിയായി എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ മുഹമ്മദ് അഫ്സൽ തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭാ കൗണ്‍സിലിൽ ഇപ്പോൾ 35 അംഗ കൗണ്‍സിലിൽ യുഡിഎഫ് പക്ഷത്ത് 14 അംഗങ്ങളും എൽഡിഎഫിന് 12 പേരുമാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളും ഉണ്ട്. ഒരു വാർഡിൽ പ്രതിനിധിയില്ല.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ് ജോണാണ് മത്സരിച്ചത്. ലീഗിലെ സാബിറ ജലീൽ, റസിയ കാസിം എന്നിവർ വോട്ടെടുപ്പിന് ഹാജരായില്ല. ബാക്കി 12 പേർ യുഡിഎഫിനൊപ്പം ഉണ്ടായിരുന്നെങ്കിലും ഇവിടെയും ഒരു വോട്ട് എൽഡിഎഫ് സ്ഥാനാർഥിക്ക് കിട്ടി.
എൽഡിഎഫിലെ 12 അംഗങ്ങളിൽ ആർ. ഹരി ഹാജരായിരുന്നില്ല. ബാക്കി 11 അംഗങ്ങളാണ് എൽഡിഎഫിന് ഒപ്പമുണ്ടായിരുന്നത്. വോട്ടെണ്ണിയപ്പോൾ അഫ്സലിന് 12 വോട്ടും യുഡിഎഫ് സ്ഥാനാർഥിക്ക് 11 വോട്ടും ലഭിച്ചു.
യുഡിഎഫിലെ ഒരാൾ എൽഡിഎഫിന് വോട്ട് ചെയ്തതായാണ് ആക്ഷേപം. ബാലറ്റിൽ പേരും ഒപ്പും ഇടാത്തതിനാൽ വോട്ട് മറിച്ചു ചെയ്തത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. ബിജെപിയിലെ ഒരു കൗണ്‍സിലർ എത്താത്തതിനാൽ ബാക്കി ഏഴു പേരുടെ വോട്ട് ബിജെപി സ്ഥാനാർഥി പി.ജി. രാജശേഖരന് ലഭിച്ചു.