മരുന്നും ഡോക്ടർമാരും ഇല്ല, ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ
1516977
Sunday, February 23, 2025 5:44 AM IST
നെടുങ്കണ്ടം: മരുന്നും ഡോക്ടർമാരും ഇല്ലാതെ ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ.പൂർണമായും തോട്ടം തൊഴിലാളികളും കർഷകരും അധിവസിക്കുന്ന മേഖലയാണ് ഉടുമ്പൻചോല. സാധരണക്കാരുടെ ഏക ആശ്രയമായ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റിയിട്ട് മാസങ്ങളായി.
മുൻപ് മൂന്ന് ഡോക്ടർമാർവരെ ഉണ്ടായിരുന്ന ആശുപത്രിയിൽ നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ഉള്ളത്. പല ദിവസങ്ങളിലും ഒ പി പോലും തടസപ്പെടുന്ന സാഹചര്യമാണ്. രാവിലെ രണ്ട് ഡോക്ടർമാരുടെയും ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറുടെയും സേവനം ലഭ്യമായിരുന്ന ആശുപത്രിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അത്യാവശ്യമരുന്നുകൾ പോലും ഇല്ലാതായിട്ടു നാളുകളായി. ആശുപത്രിയിൽ റോട്ടറി ക്ലബ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റും ജീവനക്കാർ ഇല്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല.
ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. പരിപാടി യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ ബെന്നി തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു ഇടുക്കാർ അധ്യക്ഷത വഹിച്ചു. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എൻ. മണി, പി.ഡി. ജോർജ്, ടിബിൻ ജോർജ്, പാൽരാജ്, ബാബു എഴുപതിൽചിറ, സൂസമ്മ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.