മൂന്നാറിലെ ഡബിൾ ഡെക്കർ ബസ് സർവീസ് മുടങ്ങി
1515767
Wednesday, February 19, 2025 11:26 PM IST
ഞായറാഴ്ച രാത്രി സർവീസ് നടത്തിയത്
വിവാദമായി
മൂന്നാർ: മുൻവശത്തെ ചില്ല് തകർന്നതോടെ മൂന്നാറിൽ ദിവസങ്ങൾക്കു മുന്പ് ആരംഭിച്ച കെഎസ്ആർടിസിയുടെ റോയൽ വ്യു ഡബിൾ ഡെക്കർ ബസ് സർവീസ് മുടങ്ങി. ചൊവ്വാഴ്ച ട്രിപ്പിനു ശേഷം വാഹനം മെക്കാനിക്കൽ ഗാരേജിൽ കയറ്റുന്നതിനിടെയാണ് ചില്ല് തകർന്നത്. അപ്പർ ഡെക്കിലെ മുൻ വശത്തുള്ള ചില്ലാണ് തകർന്നത്. ഇതോടെ ബുധനാഴ്ച നടത്തേണ്ട സർവീസുകൾ നടത്താനായില്ല.
ഒരു ദിവസം അര ലക്ഷത്തിലധികം രൂപ വരുമാനമുള്ള ബസ് സർവീസ് മുടങ്ങിയത് അധികൃതർ ഗൗരവമായി എടുത്തിട്ടുണ്ട്. തുടക്കം മുതൽ വിവാദങ്ങളിൽ പ്പെട്ട ബസിനു സംഭവിച്ച കേടുപാടുകളിൽ അന്വേഷണം നടത്താൻ ഗതാഗത മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ബസിന്റെ ഉദ്ഘാടന വേളയിൽ എത്തിയ മന്ത്രിയെ മൂന്നാറിലെ ഒരു വിഭാഗം ഡ്രൈവർമാർ കരിങ്കൊടി കാട്ടിയിരുന്നു. തങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നു എന്ന ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതേത്തുടർന്ന് മൂന്നാറിൽ ഓടുന്ന ടാക്സി വാഹനങ്ങളുടെ രേഖകൾ പരിശോധിക്കാൻ മന്ത്രി ഉത്തരവു നൽകി. ഒരാഴ്ചയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പത്തു ലക്ഷം രൂപയോളമാണ് പിഴ ഇനത്തിൽ ഈടാക്കിയത്.
കോടതിയുടെ നിർദേശം ഉള്ളതിനാൽ ബസിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള അലങ്കാര വൈദ്യുത ലൈറ്റുകൾ തെളിക്കില്ലെന്നും രാത്രികാല സർവീസ് നടത്തില്ലെന്നും മന്ത്രി ഉദ്ഘാടനവേളയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇതു ലംഘിച്ച് ബസ് ഞായറാഴ്ച രാത്രി സർവീസ് നടത്തിയത് വിവാദമായിരിക്കുകയാണ്.