കൃത്രിമ കാൽ ലഭിച്ച ഉഷാകുമാരിക്ക് ഇനി പരാശ്രയമില്ലാതെ ജീവിക്കാം
1516976
Sunday, February 23, 2025 5:44 AM IST
ചെറുതോണി: പ്രമേഹ രോഗം ബാധിച്ച് വലതു കാൽ മുറിച്ച അവസ്ഥയിൽ സംരക്ഷിക്കുവാൻ ആരുമില്ലാതെ മുരിക്കാശേരി സ്നേഹ മന്ദിരത്തിൽ കഴിഞ്ഞിരുന്ന കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശി ഉഷാകുമാരിക്ക് ഇനി പരാശ്രയമില്ലാതെ സ്വന്തം വീട്ടിൽ കഴിയാം.
മുൻ ജില്ലാ കളക്ടർ ഷീബ ജോർജിന്റെ ശിപാർശപ്രകാരം പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്നേഹമന്ദിരത്തിലെത്തിച്ചതാണ് ഉഷാകുമാരിയെ. പരസഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥയിലാണ് ഇവർ സ്നേഹമന്ദിരത്തിലെത്തിയത്. മുഴുവൻ സമയവും വീൽചെയറിൽ തന്നെയായിരുന്നു ഉഷാകുമാരിയുടെ സ്നേഹമന്ദിരത്തിലെ ജീവിതം. കുറേക്കാലത്തെ ചികിത്സയിലൂടെയും പരിശ്രമത്തിലൂടെയും ഉഷാകുമാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു.
സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു ഒരു സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം രൂപ ചെലവുവരുന്ന ഒരു കൃത്രിമ കാൽ സംഘടിപ്പിച്ചു നൽകി. വലതുകാലിന്റെ സ്ഥാനത്ത് കൃത്രിമ കാൽ ലഭിച്ചതോടെ നിരന്തരമായ പരിശീലനത്താൽ നടക്കുവാൻ തുടങ്ങി. പരാശ്രയമില്ലാതെ ജീവിക്കാമെന്നു ബോധ്യമായപ്പോൾ ഉഷാകുമാരി കഞ്ഞിക്കുഴിയിലുള്ള ഇവരുടെ വീട്ടിലേക്കു പോകണമെന്ന ആഗ്രഹം സ്നേഹമന്ദിരം അധികൃതരെ അറിയിച്ചു. തുടർന്ന് ഇവരുടെ അകന്ന ബന്ധുവായ റെജി കളരിക്കലിന്റെ ഉത്തരവാദിത്വത്തിൽ ഉഷാകുമാരിയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു.