പിൽഗ്രിം ടൂറിസത്തിന്റെ അനന്തസാധ്യതയുമായി തുന്പച്ചി
1516981
Sunday, February 23, 2025 5:44 AM IST
മൂലമറ്റം: പ്രകൃതിരമണീയമായ ദൃശ്യങ്ങളും ബൈബിളിലെ നിരവധി സംഭവങ്ങളുടെ ശിൽപാവിഷ്കാരവും വഴി ആരുടെയും മനം കവരുന്ന തുന്പച്ചി കുരിശുമല നോന്പുകാല തീർഥാടനത്തിനായി ഒരുങ്ങുന്നു. സമുദ്രനിരപ്പിൽനിന്നു 2000 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുന്പച്ചി തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയുടെ സമീപത്താണ് സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്നാൽ മലങ്കര ജലാശയത്തിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്ന മൂലമറ്റം, അറക്കുളം പ്രദേശങ്ങളുടെയും വലകെട്ടി മലനിരകളുടെയും വിദൂര ദൃശ്യങ്ങൾ കാണാനാകും.
ഗത്സമനിൽ പ്രാർഥിക്കുന്ന ഈശോയുടെ മനോഹരമായ ശിൽപത്തിന് അരികിൽ നിന്നാണ് തീർഥാടനത്തിനും കുരിശിന്റെ വഴിക്കും തുടക്കം കുറിക്കുന്നത്. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങൾക്കിടെ ഭാരത അപ്പസ്തോലനായ തോമാശ്ലീഹാ, യാക്കോബിന്റെ കിണർ, കാൽവരി സമുച്ചയം, പിയാത്തെ, തിമിംഗലം വിഴുങ്ങിയ യോനായുടെ ശിൽപം, ഉത്ഥിതനായ ക്രിസ്തുവിന്റെ ശിൽപം, ഈശോയെ സംസ്കരിച്ചതിന്റെ പുനരാവിഷ്കാരം, പ്രലോഭകൻ ഈശോയെ പരീക്ഷിക്കുന്ന രംഗം, പിറവിയുടെ ഗുഹ, മലമുകളിൽ പഠിപ്പിക്കുന്ന ഈശോ, സെഹിയോൻ മാളിക എന്നീ രംഗങ്ങളെല്ലാം ദർശിക്കാനാവും.
മലമുകളിലുള്ള ദേവാലയത്തിൽ പ്രാർഥിച്ച് കൽക്കുരിശിൽ എണ്ണയൊഴിച്ച് മലയിറങ്ങുന്പോൾ മനസ് ശാന്തമാകുന്ന അനുഭവം ഉണ്ടാകും. അതാണ് തുന്പച്ചി കുരിശുമല പകർന്നു നൽകുന്ന ആത്മീയ പാഠം.
വലിയ നോന്പുകാലത്ത് കേരളത്തിൽനിന്നും പുറത്തുനിന്നുമുള്ള ആയിരങ്ങളാണ് ഇവിടെയെത്തുന്നത്. മറ്റവസരങ്ങളിലും അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയുടെ കീഴിലുള്ള ഇവിടേക്ക് ധാരാളം തീർഥാടകർ എത്തുന്നുണ്ടെന്ന് വികാരി ഫാ. മൈക്കിൾ കിഴക്കേപറന്പിൽ പറഞ്ഞു.