കര്‍ണാടകയില്‍ ആറ് മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി
Thursday, January 9, 2025 2:34 AM IST
ബംഗളൂരു: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രമുഖ ആറു മാവോയിസ്റ്റ് നേതാക്കള്‍ കീഴടങ്ങി.
കര്‍ണാടക സ്വദേശികളായ മുണ്ടഗാരു ലത, സുന്ദരി കുട്ടലൂരു, വനജാക്ഷി ബലഹൊളെ, മാരപ്പ അരോളി, തമിഴ്നാട് സ്വദേശി കെ. വസന്ത്, കേരള സ്വദേശിനി ജിഷ എന്നിവരാണു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയിൽ ഇന്നലെ ആയുധംവച്ചു കീഴടങ്ങിയത്.
എന്നാൽ, കീഴടങ്ങിയ മാവോയിസ്റ്റുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല. നവംബര്‍ 18നു മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില്‍ വധിച്ചതിനുപിന്നാലെ നേതാക്കളോടു കീഴടങ്ങണമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നൽകിയിരുന്നു. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റമുള്‍പ്പെടെയുള്ള കേസുകളുണ്ട്.
കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാവോയിസ്റ്റ് കീഴടങ്ങലാണിത്. നേരത്തേ ചിക്കമഗളൂരുവിൽ മാവോയിസ്റ്റുകൾ എത്തുമെന്നാണ് അറിയിച്ചിരുന്നത്. കീഴടങ്ങുന്നത് ബംഗളൂരുവില്‍ തന്റെ ഔദ്യോഗിക വസതിയിൽ വച്ച് ആകണമെന്ന് സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു.
അതേസമയം, ദേശീയ അന്വേഷണ ഏജന്‍സി ഇവരെ ചോദ്യം ചെയ്യുമെന്നറിയുന്നു. മുണ്ടഗാരു ലതയ്ക്കെതിരേ നിലവിൽ 850 കേസുകളുണ്ട്.
സുന്ദരിക്കെതിരേ 71 കേസുകളും മാരപ്പയ്ക്കെതിരേ 50 കേസുകളുമാണുള്ളത്. വസന്തിനെതിരേ എട്ടുകേസുകളും ജിഷയ്ക്കെതിരേ 17 കേസുകളുമാണുള്ളത്. ചിക്കമഗളൂരു പോലീസും ജില്ലാ ഭരണകൂടവുമാണ് ഇവരുടെ കീഴടങ്ങലിനായി കൂടുതല്‍ യത്നിച്ചത്.
കൊലപാതകമുൾപ്പെടെ ഇവർക്കെതിരേ ഗുരുതര കുറ്റകൃത്യങ്ങളുള്ളതിനാൽ കേസുമായി മുന്നോട്ടു പോകണമോ എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പിന്നീട് തിരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
കേരളത്തിൽ നടപടി ശക്തമായതോടെ മാവോയിസ്റ്റുകൾ കർണാടകയിലെത്തി
കേരളത്തിൽ മാവോയിസ്റ്റുകൾക്ക് എതിരേയുള്ള നടപടി ശക്തമാക്കിയതോടെ കേരള വനമേഖലയിലുണ്ടായിരുന്ന ഒരുവിഭാഗം കർണാടകയിലേക്ക് മാറുകയായിരുന്നു.
പ്രധാനമായും ചിക്കമഗളൂരു, ഉഡുപ്പി, ദക്ഷിണ കന്നഡ, ഷിമോഗ ജില്ലകളിൽ ആയിരുന്നു മാവോയിസ്റ്റുകൾ കൂടുതലും പ്രത്യക്ഷപ്പെട്ടത്.
അതിനിടെ, നക്സൽ നേതാവ് വിക്രം ഗൗഡ എഎൻഎഫുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു. ഇതോടെ സംഘത്തിനു നേതൃത്വമില്ലാത്ത അവസ്ഥ ഉടലെടുത്തിരുന്നു. ഇപ്പോൾ കർണാടകയിൽ കീഴടങ്ങൽ സന്നദ്ധത അറിയിച്ച മാവായിസ്റ്റുകളുടെ പേരിൽ കേരളത്തിലും നിരവധി യുഎപിഎ കേസുകളുണ്ട്.
കേരളത്തിൽനിന്നു രണ്ടു മലയാളി വനിതകൾ ഉൾപ്പെുന്ന സംഘം കർണാടകയിലേക്കു പിൻവലിഞ്ഞതോടെ കേരളത്തിലെ വനമേഖലയിൽ സി.പി. മൊയ്തീൻ, സോമൻ , മനോജ് , സന്തോഷ് എന്നീ നാലു പേർ മാത്രമായി അവശേഷിച്ചു.
നാലുപേരും കൊട്ടിയൂർ അമ്പായത്തോടിൽ എത്തിയതു മനസിലാക്കിയ പോലീസ് തമിഴ്നാട് സ്വദേശി സന്തോഷ് ഒഴികെയുള്ള മൂന്നുപേരെയും അറസ്റ്റ് ചെയ്തിരുന്നു.
കേരളവും കർണാടകവും നടപടികൾ കടുപ്പിച്ചതോടെ സുരക്ഷിതമായ താവളങ്ങൾ നഷ്ടപ്പെട്ട മാവോയിറ്റുകൾ കീഴടങ്ങൽ ചർച്ചകൾക്കു തയാറായതെന്നും റിപ്പോർട്ട് ഉണ്ട്. കീഴടങ്ങൽ പൂർത്തിയാകുന്നതോടെ വർഷങ്ങളായി ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റ് സാന്നിധ്യം അവസാനിക്കും.