തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്തത് ; വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാൻ: കമ്മീഷൻ
Wednesday, January 8, 2025 1:47 AM IST
സീനോ സാജു
ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്റെ സിസിടിവി തുടങ്ങിയ ഇലക്ട്രോണിക് രേഖകളുടെ പൊതുജന പരിശോധന തടയാനായി തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത നടപടിയെ ന്യായീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
പൊതുജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനാണു ചട്ടം ഭേദഗതി ചെയ്തതെന്ന് കമ്മീഷൻ വിശദീകരിച്ചു.
വോട്ടെടുപ്പ് സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊതുപരിശോധനയ്ക്കു ലഭ്യമായാൽ ആര് വോട്ട് ചെയ്തു, ആര് വോട്ട് ചെയ്തില്ല, ആരുടെ കൂടെയാണു വോട്ട് ചെയ്യാൻ പോയത് തുടങ്ങിയ വിവരങ്ങൾ ആർക്കുമറിയാൻ സാധിക്കും.
ഇത്തരം വിവരങ്ങൾ ദുർവിനിയോഗിക്കാൻ സാധ്യതയുണ്ടെന്നും ഇതു വോട്ടർമാരുടെ സ്വകാര്യതയെ ബാധിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജന പരിശോധനയ്ക്കായി വിട്ടുനൽകാൻ അനുവദിച്ചിരുന്ന 1961ലെ തെരഞ്ഞെടുപ്പ് ചട്ടത്തിലാണ് കേന്ദ്രം കഴിഞ്ഞ മാസം ഭേദഗതി വരുത്തിയിരുന്നത്.
ഭേദഗതി ചെയ്യുന്നതിനു മുന്പുള്ള ചട്ടമനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്കു പരിശോധിക്കാൻ സാധിക്കുമായിരുന്നെങ്കിലും ഭേദഗതിപ്രകാരം നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള രേഖകൾ മാത്രമേ പൊതുജനങ്ങൾക്കു പരിശോധിക്കാൻ അനുവാദമുള്ളൂ. ഇതോടെയാണ് സിസിടിവി ദൃശ്യമങ്ങളടക്കമുള്ള ഇലക്ട്രോണിക് രേഖകളുടെ പൊതുജന പരിശോധനയ്ക്ക് പൂട്ട് വീണത്.
1961ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഒരു മാറ്റം മാത്രമാണു വരുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചട്ടങ്ങളിൽ നിലനിന്നിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ പൊതുജന പരിശോധനയ്ക്കായി പണ്ടും നൽകിയിരുന്നില്ലെന്ന് രാജീവ് കുമാർ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനാണു ചട്ടങ്ങളിൽനിന്ന് നീക്കം ചെയ്തതെന്നും പൊതുജനങ്ങൾക്ക് പരിശോധനയ്ക്കായി മുന്പ് ലഭ്യമായിരുന്ന രേഖകൾ ഇനിയും വിട്ടുനൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ കഴിഞ്ഞ മാസം പഞ്ചാബ്-ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടതിനു ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻതന്നെ ചട്ടം ഭേദഗതി ചെയ്തത്.
നിയമമനുസരിച്ച് രേഖകൾ ആവശ്യപ്പെടുന്ന ആർക്കും പരിശോധനയ്ക്കായി നൽകണമെന്ന് കോടതി വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊതുജനപരിശോധനയിൽ സിസിടിവി ദൃശ്യങ്ങൾ വിലക്കിക്കൊണ്ടുള്ള ഭേദഗതി.
കേന്ദ്രത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നശിപ്പിക്കുന്നതാണെന്നാരോപിച്ച് കോണ്ഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.