എച്ച്എംപിവി വൈറസ് ; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം
Tuesday, January 7, 2025 2:07 AM IST
ന്യൂഡൽഹി: ബംഗളൂരുവിൽ സ്ഥിരീകരിച്ച ഹ്യൂമൻ മെറ്റാപ്ന്യൂമോ വൈറസിന് (എച്ച്എംപിവി) ചൈനയിലെ രോഗ വ്യാപനവുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടികൾ അന്താരാഷ്ട്ര യാത്രകളൊന്നും നടത്താത്ത പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
നിലവിൽ ഇന്ത്യ ഉൾപ്പെടെ ആഗോളതലത്തിൽ വൈറസ് ബാധയുണ്ടെന്നും എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ അസുഖങ്ങൾ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തേ ചൈനയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആരോഗ്യമന്ത്രാലയം സംയുക്ത നിരീക്ഷണ ഗ്രൂപ്പിനെ നിയോഗിച്ചിരുന്നു. ചൈനയിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി സാഹചര്യം വിലയിരുത്തുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്ന് വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് വിവരങ്ങൾ സ്വീകരിക്കുന്നത്.
ആദ്യം ബംഗളൂരുവിൽ രണ്ട് കുട്ടികൾക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അഹമ്മദാബാദിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.
കോവിഡുമായി വൈറസിനെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും പ്രായമായവരിലും കുട്ടികളിലും ഫ്ളൂ പോലെയുള്ള രോഗ ലക്ഷണങ്ങൾ ഉണ്ടായേക്കാമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ വ്യക്തമാക്കി.
എച്ച്എംപിവി വൈറസ് പുതിയൊരു വൈറസ് അല്ലെന്നും ഇന്ത്യയിൽ വളരെക്കാലമായി പ്രചരിക്കുന്ന ഇൻഫ്ളുവൻസ വൈറസിന്റെ വകഭേദമാണിതെന്നും എയിംസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അഡിഷണൽ പ്രഫസർ ഡോ. ഹർഷൽ ആർ.സാൽവെ മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനാൽ രാജ്യത്തെ മിക്കവർക്കും വൈറസിനെതിരേ പ്രതിരോധശേഷിയുള്ളതായും അദ്ദേഹം പറഞ്ഞു.
വൈറസിനെ അകറ്റിനിർത്താം
☛ ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് വായും മൂക്കും മൂടുക.
☛ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക.
☛ പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽനിന്ന് മാറി നിൽക്കുക.
☛ ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.
☛ അണുബാധ കുറയ്ക്കുന്നതിന് എല്ലാ പ്രദേശങ്ങളിലും വായുസഞ്ചാരം നിലനിർത്തുക.
☛ മാസ്ക് ഉപയോഗിക്കുക.