തമിഴ്നാട് നിയമസഭയിൽ നാടകീയ സംഭവങ്ങൾ; നയപ്രഖ്യാപനം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി
Tuesday, January 7, 2025 2:07 AM IST
ചെന്നൈ: ഭരണഘടനയോടും ദേശീയഗാനത്തോടും സംസ്ഥാനസർക്കാർ അനാദരവ് കാട്ടി എന്ന് ആരോപിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ. രവി തമിഴ്നാട് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനത്തിനു പകരം തമിഴ് തായ്വാഴ്ത്ത് ആലപിച്ചതാണു ഗവർണറെ ചൊടിപ്പിച്ചത്.
ഭരണഘടനയെയും ദേശീയഗാനത്തെയും നിയമസഭയിൽ അപമാനിച്ചെന്ന് തുടർന്ന് രാജ്ഭവൻ വിശദീകരിക്കുകയും ചെയ്തു. അതേസമയം ഗവർണറുടെ നടപടി ബാലിശമാണെണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിമർശിച്ചു.
സംസ്ഥാനത്തെ ജനങ്ങളെ ഗവർണർ ആവർത്തിച്ച് അപമാനിക്കുകയാണ്. കഴിഞ്ഞവർഷം ഏതാനും ഭാഗങ്ങൾ ഒഴിവാക്കിയും സ്വയം കൂട്ടിച്ചേർത്തുമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം വായിച്ചത്. ഇത്തവണ നയപ്രഖ്യാപന പ്രസംഗം വായിക്കാനേ തയാറായില്ല-മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നയപ്രഖ്യാപനപ്രസംഗത്തിനായി ഗവർണർ എത്തിയപ്പോൾ പൊന്നാട അണിയിച്ചാണ് സ്പീക്കര്‍ എം. അപ്പാവു സ്വീകരിച്ചത്. സമ്മേളനം തുടങ്ങിയതോടെ തമിഴ് തായ്വാഴ്ത്ത് ആലപിച്ചതു കേട്ട സ്പീക്കര്‍ അടുത്തതായി ദേശീയഗാനം ആലപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഗവണറുടെ ഇറങ്ങിപ്പോക്ക്.
നിയമസഭയില്‍ വച്ച് ഭരണഘടനയും ദേശീയഗാനവും വീണ്ടും അപമാനിക്കപ്പെട്ടു. ദേശീയഗാനത്തെ ബഹുമാനിക്കുകയെന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക കടമകളിലൊന്നാണ്. എല്ലാ സംസ്ഥാന നിയമസഭകളിലും സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനം ആലപിക്കേണ്ടതുണ്ടെന്നും രാജ്ഭവനിൽനിന്നുള്ള കുറിപ്പിൽ പറയുന്നു.
ഗവർണർക്കു പുറമേ പല കക്ഷികളും പല നിലപാടുകളുമായി സഭയ്ക്കുള്ളിൽ പ്രതിഷേധിച്ചു.ഗവർണർ സംസാരിക്കുന്നതിനു തൊട്ടുമുന്‍പ് ചെയറിനു മുന്നിൽ തടിച്ചുകൂടി സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ച എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങളെ സ്പീക്കറുടെ നിർദേശപ്രകാരം വാച്ച് ആൻഡ് വാർഡ് നീക്കംചെയ്തിരുന്നു.
കോൺഗ്രസ് അംഗങ്ങളാകട്ടെ കറുത്ത ബാഡ്ജ് ധരിച്ച് ഗവർണർക്കെതിരേ മുദ്രാവാക്യം മുഴക്കി. ബിജെപി, പിഎംകെ അംഗങ്ങൾ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു.
2021ല്‍ ഗവര്‍ണറായി ആര്.എന്‍. രവി ചുമതലയേറ്റതു മുതല്‍ എം.കെ. സ്റ്റാലിന് സര്‍ക്കാരുമായി കൊന്പുകോർക്കൽ തുടരുകയാണ്. ഗവര്‍ണര്‍ ബിജെപി വക്താവിനെ പോലെയാണ് പെരുമാറുന്നതെന്നും ബില്ലുകളും നിയമനങ്ങളും തടയുന്നെന്നും സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു.
എന്നാല്‍ നിയമനിര്‍മാണം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടന തനിക്ക് നല്‍കുന്നുണ്ടെന്നും ഗവര്‍ണര്‍ അന്ന് പ്രതികരിച്ചിരുന്നു.