ഇന്ദിര ഭവൻ ഉദ്ഘാടനം 15ന്
Wednesday, January 8, 2025 1:46 AM IST
ന്യൂഡൽഹി: അക്ബർ റോഡിലെ 24-ാം നന്പർ ബംഗ്ലാവിലെ നാലര പതിറ്റാണ്ടിലേറെ നീണ്ട കാലം ചരിത്രമാക്കി കോണ്ഗ്രസ് ഈ മാസം 15 ന് പുതിയ ആസ്ഥാനത്തേക്ക് മാറും. ഡൽഹിയിലെ കോട്ല മാർഗ് റോഡിലുള്ള 9 എ ഇന്ദിര ഭവനാണു പാർട്ടിയുടെ പുതിയ മേൽവിലാസമാകാൻ പോകുന്നത്.
പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിൽ പാർട്ടി മുൻ അധ്യക്ഷ സോണിയ ഗാന്ധി രാവിലെ പത്തിന് പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. കോണ്ഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായിരിക്കെ 2016ലാണ് പുതിയ ആസ്ഥാനത്തിനുള്ള പണികൾ ആരംഭിക്കുന്നത്. ആറു നിലകളിലായി പണികഴിപ്പിച്ചിരിക്കുന്ന പുതിയ ഓഫീസിൽ എഐസിസി ഭാരവാഹികൾക്കുള്ള ഓഫീസടക്കം നിരവധി സൗകര്യങ്ങളുണ്ട്.