ഖനി അപകടം: ഒരാൾ അറസ്റ്റിൽ, രക്ഷാപ്രവർത്തനം തുടരുന്നു
Wednesday, January 8, 2025 1:46 AM IST
ഗോഹട്ടി: ആസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്സോയിലുള്ള ഖനിയില്‍ തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഖനി പ്രവർത്തിച്ചിരുന്നതു നിയമവിരുദ്ധമായിട്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ പറഞ്ഞു. അപകടമുണ്ടായ തിങ്കളാഴ്ച മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും പുറത്തെത്തിക്കാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തെത്തുടർന്നാണ് ഏകദേശം 300 അടി ആഴമുള്ള ഖനിയിൽ തൊഴിലാളികള്‍ കുടുങ്ങിയത്. 100 അടി താഴ്ചയില്‍വരെ വെള്ളമെത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.