ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ആദ്യ ജെപിസിയിൽ ചോദ്യങ്ങളുമായി പ്രതിപക്ഷം
Thursday, January 9, 2025 2:34 AM IST
ന്യൂഡൽഹി: ഒരേസമയം തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗങ്ങൾ.
ബില്ലിന്റെ സൂക്ഷ്മപരിശോധനയ്ക്കു നിയോഗിച്ച പാർലമെന്ററി സമിതിയുടെ ഇന്നലെ ചേർന്ന ആദ്യയോഗത്തിൽ ഭരണപക്ഷം പിന്തുണച്ചപ്പോൾ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒറ്റത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ വോട്ടിംഗ് മെഷീനുകളുടെയും സാന്പത്തിക ചെലവുകളുടെയും കണക്കുകൾ പ്രതിപക്ഷം ഉന്നയിച്ചു.
"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നുവെന്ന് ബിജെപി എംപിമാർ ചൂണ്ടിക്കാട്ടിയപ്പോൾ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന് തൃണമൂൽ കോണ്‍ഗ്രസ് ആരോപിച്ചു.
ഡിസംബറിൽ ആരംഭിച്ച ശീതകാല സമ്മേളനത്തിലാണ് ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തതിനെത്തുടർന്ന് സൂക്ഷ്മപരിശോധനയ്ക്കായി ജെപിസിക്ക് കൈമാറുകയായിരുന്നു.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ഡൽഹി, ജമ്മു കാഷ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനും ആവശ്യമായ രണ്ട് ബില്ലുകളായിരുന്നു കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ലോക്സഭയിൽ അവതരിച്ചത്. ഈ രണ്ട് ബില്ലുകളാണ് 39 അംഗ ജെപിസി സൂക്ഷ്മപരിശോധന നടത്തുന്നത്.
ബിജെപി എംപിയും മുൻ നിയമ സഹമന്ത്രിയുമായ പി.പി. ചൗധരി അധ്യക്ഷനായ സമിതിയിൽ 27 ലോക്സഭ എംപിമാരും 12 രാജ്യസഭാ എംപിമാരുമാണുള്ളത്.
ബിജെപിയുടെ അനുരാഗ് സിംഗ് ഠാക്കൂർ, ഭർതൃഹരി മഹ്താബ്, സംബിത് പത്ര, കോണ്‍ഗ്രസിന്റെ പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, തൃണമൂൽ കോണ്‍ഗ്രസിന്റെ കല്യാണ്‍ ബാനർജി, എൻസിപിയുടെ (ശരദ് പവാർ) സുപ്രിയ സുലെ, സിപിഎം അംഗം കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു പ്രധാന അംഗങ്ങൾ.