ബിജെപി സ്ഥാനാർഥിയുടെ അധിക്ഷേപ പരാമർശം വിതുന്പി അതിഷി
Tuesday, January 7, 2025 2:07 AM IST
ന്യൂഡൽഹി: ബിജെപി സ്ഥാനാർഥിയുടെ അധിക്ഷേപ പ്രസംഗത്തിന് മറുപടി നല്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ വിതുന്പി ഡൽഹി മുഖ്യമന്ത്രി അതിഷി.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി മാത്രം തന്റെ പിതാവിനെതിരേ തരംതാണ പ്രസ്താവന നടത്താൻ കഴിയുമോയെന്നാണ് അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് രമേശ് ബിധുരിയോട് അതിഷി വിതുന്പിക്കൊണ്ട് ചോദിച്ചത്.
തന്റെ പിതാവ് അധ്യാപകനായിരുന്നെന്നും 80 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോൾ മോശം സ്ഥിതിയിലായതിനാൽ പരസഹായമില്ലാതെ നടക്കാൻപോലും കഴിയില്ലെന്നും അതിഷി കണ്ണീർ വീഴ്ത്തിക്കൊണ്ട് പറഞ്ഞു.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അതിഷിക്കെതിരേ കൽക്കാജി മണ്ഡലത്തിൽ മത്സരിക്കുന്ന രമേശ് ബിധുരി കഴിഞ്ഞ ദിവസം അതിഷിയെ ഉന്നമിട്ടു നടത്തിയ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് നാടകീയരംഗങ്ങൾ.
അതിഷി തന്റെ യഥാർഥ പേരായ അതിഷി മർലേനയിൽ നിന്ന് ‘മർലേന’ നീക്കം ചെയ്ത് അതിഷി സിംഗ് എന്ന് പേര് മാറ്റിയതിലൂടെ അതിഷി തന്റെ പിതാവിനെയും മാറ്റിയെന്നായിരുന്നു ബിധുരിയുടെ വിവാദ പ്രസ്താവന.
തന്നെ വിജയിപ്പിച്ചാൽ ഡൽഹിയിലെ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മൃദുലമാക്കുമെന്നും ബിധുരി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.