റോഡപകട കേസുകളിൽ നഷ്ടപരിഹാരം പൂർണവും നീതിയുക്തവും ആയിരിക്കണമെന്ന് സുപ്രീംകോടതി
Wednesday, January 8, 2025 1:47 AM IST
ന്യൂഡൽഹി: റോഡപകട കേസുകളിൽ പൂർണവും നീതിയുക്തവുമായ നഷ്ടപരിഹാരം നൽകാൻ കോടതികൾ ശ്രദ്ധിക്കണമെന്നു സുപ്രീംകോടതി.
വാഹനാപകടത്തിൽ 60 ശതമാനം അംഗവൈകല്യം സംഭവിച്ച വ്യക്തിക്ക് ഹൈക്കോടതി അനുവദിച്ച 35 ലക്ഷം രൂപ നഷ്ടപരിഹാരം 48 ലക്ഷമാക്കി ഉയർത്തിക്കൊണ്ടായിരുന്നു ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
അപകടത്തിലേറ്റ ഗുരുതരമായ പരിക്കുകൾ പൂർണമായി ലഘൂകരിക്കാൻ സാധിച്ചില്ലെങ്കിലും അപകടത്തിൽപ്പെട്ടയാൾക്ക് ആശ്വാസം നൽകുകയാണ് നഷ്ടപരിഹാരത്തുകകൊണ്ടു ലക്ഷ്യമിടുന്നതെന്ന് കോടതി വിശദമാക്കി.
2009ൽ ബിടെക് വിദ്യാർഥിയായിരിക്കെ അപകടത്തിൽപ്പെട്ട മധ്യപ്രദേശ് സ്വദേശി അതുൽ തിവാരി എന്ന വ്യക്തിക്കാണു കോടതി നഷ്ടപരിഹാരത്തുക ഉയർത്തിയത്. സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന അതുലിനെ തെറ്റായ ദിശയിൽ അശ്രദ്ധമായി ഓടിച്ച ട്രക്ക് ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് തല, താടിയെല്ലുകൾ, കാലുകൾ, കാൽമുട്ടുകൾ, നെഞ്ച്, വാരിയെല്ലുകൾ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ അതുൽ മൂന്നു തവണ ശസ്ത്രക്രിയയ്ക്കു വിധേയനായി. 60 ശതമാനത്തോളം വൈകല്യം സംഭവിച്ച അതുലിന്റെ പഠനമടക്കം ഭാവി അനിശ്ചിതത്തിലാകുകയായിരുന്നു.