ഫാ. ഫെലിക്സ് വിൽഫ്രഡ് അന്തരിച്ചു
Thursday, January 9, 2025 2:34 AM IST
ചെന്നൈ: പ്രമുഖ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായി രുന്ന റവ.ഡോ. ഫെലിക്സ് വിൽഫ്രഡ് (76) അന്തരിച്ചു.
ചെന്നൈയിലെ ഏഷ്യൻ സെന്റർ ഫോർ ക്രോസ്-കൾച്ചറൽ സ്റ്റഡീസ് സ്ഥാപകനും ഡയറക്ടറുമാണ്. ആഗോളതലത്തിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ തിയോളജിക്കൽ റിവ്യൂ കൺസീലിയത്തിന്റെ പ്രസിഡന്റായിരുന്ന അ ദ്ദേഹം വത്തിക്കാനിലെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിലും അംഗമായിരുന്നു.
ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസിന്റെ ദൈവശാസ്ത്ര കാര്യാലയം സെക്രട്ടറിയായി പത്തു വർഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം ഏതാനും വർഷം ഇന്ത്യൻ തിയോളജിക്കൽ അസോസിയേഷന്റെ മേധാവിയുമായിരുന്നു.
ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി, മ്യൂൺസ്റ്റർ യൂണിവേഴ്സിറ്റി, നിജ്മെഗൻ യൂണിവേഴ്സിറ്റി, ബോസ്റ്റൺ കോളജ്, മനിലയിലെ ഈസ്റ്റ് ഏഷ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, ചൈനയിലെ ഫുഡാൻ യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറായും അയർലൻഡിലെ ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഇന്ത്യൻ സ്റ്റഡീസ് വിഭാഗം ചെയർമാനായും പ്രവർത്തിച്ചിരുന്നു.
1948ൽ ജനിച്ച അദ്ദേഹം 1972ൽ കോട്ടാർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. 2014ൽ കുഴിത്തുറൈ രൂപത സ്ഥാപിച്ചപ്പോൾ ആ രൂപതാംഗമായി.
ആഗോള ദൈവശാസ്ത്ര സമൂഹത്തിന് ഫാ. വിൽഫ്രഡ് നൽകിയ സംഭാവനകൾ മഹത്തരമാണെന്ന് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷ്പ്സ് കോൺ ഫറൻസ് (എഫ്എബിസി) പ്രസിഡന്റും ഗോവ ആർച്ച്ബിഷപ്പുമായ കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ പറഞ്ഞു.
അദ്ദേഹത്തിന്റെ അഗാധമായ ഉൾക്കാഴ്ചകളും പാണ്ഡിത്യവും അനുകമ്പയോടെയുള്ള അജപാലന സമീപനവും ലോകമെമ്പാടുമുള്ള ദൈവശാസ്ത്രജ്ഞരെയും വൈദികരെയും അല്മായരെയും പ്രചോദിപ്പിച്ചിട്ടുണ്ടെന്നും കർദിനാൾ അനുസ്മരിച്ചു.