മുല്ലപ്പെരിയാർ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്
Thursday, January 9, 2025 2:34 AM IST
സനു സിറിയക്
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന വിധികൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്.
ഡാം സുരക്ഷാനിയമം 2021 പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ജസ്റ്റീസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണു നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം ഡാം സുരക്ഷാസമിതി രൂപീകരിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമത്തിലെ സെക്ഷൻ 5 (1) അനുസരിച്ച് നിയമം പ്രാബല്യത്തിൽ വന്ന് 60 ദിവസത്തിനുള്ളിൽ സുരക്ഷാസമിതി രൂപീകരിക്കുകയും ഓരോ മൂന്നു വർഷം കൂടുന്പോഴും സമിതി പുനഃസംഘടിപ്പിക്കുകയും ചെയ്യണം. എന്നാൽ ഇത്തരമൊരു സമിതി രൂപീകരിച്ചിട്ടില്ലെന്നും അതിന്റെ പ്രവർത്തനത്തിനായുള്ള ചട്ടങ്ങൾ രൂപപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡാം സുരക്ഷാ നിയമപ്രകാരം നിഷ്കർഷിച്ചിട്ടുള്ളതല്ല നിലവിൽ കേന്ദ്രസർക്കാർ രൂപീകരിച്ച മേൽനോട്ട സമിതി. കോടതിയുടെ മുൻവിധി കണക്കിലെടുത്താണ് സർക്കാർ മേൽനോട്ട സമിതി രൂപീകരിച്ചതെന്ന് മനസിലാക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാർ വിശദമായ സത്യവാങ്മൂലം നൽകണം. ഈമാസം 22ന് കേസ് വീണ്ടും പരിഗണിക്കും.
മുൻ ഉത്തരവുകൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മാത്യൂസ് നെടുന്പാറ നൽഹിയ ഹർജിയിലാണു കോടതി ഇടപെടൽ. 2021 ൽ രൂപീകരിച്ച ഡാം സുരക്ഷാ നിയമപ്രകാരം കേന്ദ്രസർക്കാർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കേരളത്തിന്റെ അഭിഭാഷകൻ പറഞ്ഞു.