അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനു നെറ്റ്: ചട്ടഭേദഗതിക്ക് യുജിസി
Thursday, January 9, 2025 2:33 AM IST
ന്യൂഡല്‍ഹി: സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനു ദേശീയ യോഗ്യതാ പരീക്ഷ (നെറ്റ്) നിര്‍ബന്ധമാണെന്ന ചട്ടം ഒഴിവാക്കാൻ യുജിസി ആലോചന.
ഇതുൾപ്പെടെ മാറ്റങ്ങൾക്കായി 2018 ലെ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള കരട് ഭേദഗതി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞദിവസം പരസ്യപ്പെടുത്തി. അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 75% മാര്‍ക്കോടെ നാലു വര്‍ഷത്തെ യുജി ബിരുദമോ കുറഞ്ഞത് 55% മാര്‍ക്കോടെ പിജി ബിരുദമോ അല്ലെങ്കില്‍ പിഎച്ച്ഡിയോ ഉണ്ടായിരിക്കണം എന്നതാണു ഭേദഗതിയിലെ ഏറ്റവും സുപ്രധാന നിര്‍ദേശം.
പഠിച്ച വിഷയത്തില്‍നിന്നു വ്യത്യസ്തമായ വിഷയത്തില്‍ പിഎച്ച്ഡി ചെയ്യുന്നവര്‍ക്ക് ഗവേഷണം ചെയ്യുന്ന വിഷയത്തിൽ നിയമനത്തിന് അർഹത നൽകും. അക്കാദമിക് ഗവേഷണ സ്ഥാപനങ്ങള്‍, പബ്ലിക് പോളിസി, പബ്ലിക് അഡ്മിനിസ്ട്രേഷന്, വ്യവസായം എന്നീ മേഖലകളിൽ മികവ് തെളിയിക്കുന്നവരെ സർവകലാശാല വൈസ് ചാന്‍സലറായി പരിഗണിക്കാമെന്ന നിര്‍ദേശവുമുണ്ട്.