പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്
Wednesday, January 22, 2025 2:36 AM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ ഉൾപ്പെടെ വൻ ക്രമക്കേട് നടത്തിയതായും ഇതിലൂടെ കോടികളുടെ അധികബാധ്യത സംസ്ഥാനത്തിന് ഉണ്ടായതായും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്.
നിയമസഭയിൽ ഇന്നലെ വച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പിനെതിരേ പരാമർശങ്ങൾ ഉള്ളത്. 2020 മാർച്ച് 28ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങി. എന്നാൽ, മാർച്ച് 30ന് മൂന്നിരട്ടി വില നൽകി മറ്റൊരു കന്പനിയിൽനിന്ന് 1550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങി. കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് 10.23 കോടി രൂപയുടെ അധികബാധ്യതയുണ്ടായി.
കെഎംഎസ്സിഎൽ വഴി മരുന്നുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നതായും ഗർഭിണികൾക്ക് ധനസഹായം നൽകുന്ന ജനനി സുരക്ഷാ യോജനയിൽ നിരവധി പേർക്ക് ധനസഹായം നിഷേധിച്ചതായും, ആയുഷ്മാൻ ഭാരത് പദ്ധതിയിലെ സഹായവും വൈകിച്ചതായും സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ട്.
മരുന്നുകളുടെ സംഭരണത്തിലും വിതരണത്തിലും ഗുരുതര ക്രമക്കേടുകളാണ് 2016-2022 കാലഘട്ടം സംബന്ധിച്ച സിഎജി റിപ്പോർട്ടിലുള്ളത്. ആശുപത്രി വാർഡുകളിലേക്ക് നൽകിയ മരുന്നുകൾ വിതരണത്തിനു മുന്നേ കാലഹരണപ്പെട്ടതായിരുന്നെന്നഗുരുതര കണ്ടെത്തലുണ്ട്.
26 ആശുപത്രിയിലെ പരിശോധനയിൽ 60 തവണ കാലഹരണപ്പെട്ട മരുന്നുകൾ നൽകി. 148 ആശുപത്രികളിൽ 530 കേസുകളിൽ സ്റ്റോപ്പ്മെമ്മോ നൽകിയ ഇനങ്ങളും വിതരണം ചെയ്തു. 11.69 ലക്ഷത്തിന്റെ ഇത്തരം മരുന്നുകൾ 148 ആശുപത്രികളിൽ മാത്രം നൽകി. മരുന്നുകൾ കാലഹരണപ്പെടുന്നതായാൽ രോഗികളുടെ ജീവനുതന്നെ അപകടമാണെന്ന് സിഎജി നിരീക്ഷിച്ചിട്ടുണ്ട്.
അവശ്യമരുന്നുകൾപോലും സർക്കാർ ഏജൻസിയായ കെഎംഎസ്സിഎൽ വാങ്ങി നൽകിയിട്ടില്ല. 4732 ഇനം മരുന്നുകൾക്ക് ആശുപത്രികൾ ആവശ്യപ്പെട്ടപ്പോൾ 536 ഇനങ്ങൾ മാത്രമാണ് മുഴുവൻ ഓർഡർചെയ്തത്.
512 മരുന്നുകൾ 50 ശതമാനത്തിൽ താഴെ ഓർഡർചെയ്തു. 1085 മരുന്നുകൾ ഓർഡർ ചെയ്തില്ല. വാങ്ങിയ മരുന്നുകൾ പൂർണായി വിതരണം ചെയ്തിട്ടില്ല. 1036 ഇനം മരുന്നുകൾമാത്രമാണ് പൂർണമായി ആശുപത്രികളിൽ എത്തിച്ചത്.
1313 ഇനം മരുന്നുകളുടെ 50 ശതമാനത്തിൽ താഴെ മാത്രം എത്തിച്ചു. 307 ഇനം മരുന്നുകൾ പുറംലോകം കണ്ടിട്ടില്ല െന്നും റിപ്പോർട്ടിലുണ്ട്.