മലന്പുഴയിൽനിന്നു വ്യാവസായിക ആവശ്യങ്ങൾക്കു നൽകാൻ വെള്ളമില്ലെന്ന് വാട്ടർ അഥോറിറ്റി
Wednesday, January 22, 2025 2:35 AM IST
പാലക്കാട്: വ്യാവസായിക ആവശ്യത്തിനു വെള്ളം നൽകാനാകില്ലെന്നു വാട്ടർ അഥോറിറ്റി സർക്കാരിനെ അറിയിച്ചതായി പാലക്കാട് വാട്ടർ അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ ഇ.എൻ. സുരേന്ദ്രൻ വ്യക്തമാക്കി.
വെള്ളംകൊടുക്കണോ എന്ന് ഇനി തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. കുടിവെള്ളത്തിൽനിന്നുള്ള വിഹിതം കൊടുക്കാൻ കഴിയില്ല. പാലക്കാട് ജില്ലയിൽ കുടിവെള്ളംതന്നെ കൊടുക്കാനില്ലാത്ത സ്ഥിതിയാണുള്ളത്. പിന്നെങ്ങനെ വ്യാവസായിക ആവശ്യത്തിനു കൊടുക്കുമെന്ന് അദ്ദേഹം ചോദിച്ചു.
ഒയാസിസ് കന്പനി വാട്ടർ അഥോറിറ്റിയെ തെറ്റിദ്ധരിപ്പിച്ചെന്നു സൂപ്രണ്ടിംഗ് എൻജിനിയർ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് 500 കിലോലിറ്റർ വെള്ളം ആവശ്യപ്പെട്ടു കത്ത് നൽകിയത്. ഭാവിയിൽ കിൻഫ്രയുടെ ഒരു പദ്ധതി കഞ്ചിക്കോട്ട് വരുന്നുണ്ടെന്നും അവർ സമ്മതിക്കുകയാണെങ്കിൽ എടുക്കാമെന്നും മറുപടി നൽകിയിരുന്നു.
ഭാരത് പെട്രോളിയത്തിന്റെ ഒരു ടെൻഡറിൽ പങ്കെടുക്കാൻവേണ്ടിയാണ് എന്നായിരുന്നു കന്പനി വാട്ടർ അഥോറിറ്റിക്കു നൽകിയ കത്തിൽ പറഞ്ഞിരുന്നത്. എഥനോൾ കന്പനിക്കുവേണ്ടിയെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു. ബ്രൂവറിക്കുവേണ്ടിയെന്ന് അറിഞ്ഞത് ഇപ്പോൾമാത്രമാണ്.
മലന്പുഴ ഡാമിൽ ചെളിയും എക്കലും അടിയുന്നതുകൊണ്ട് കൃഷിക്കും കുടിക്കാനും അല്ലാതെ വ്യാവസായിക ആവശ്യത്തിനു നൽകാൻ വെള്ളമില്ലെന്ന്എക്സിക്യൂട്ടീവ് എൻജിനിയർ 2017ൽ ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ട് നിലവിലുണ്ട്. ചെളിയും എക്കലും അടിയുന്നതുമൂലം ഓരോ വർഷവും 28.26 ദശലക്ഷം ഘനമീറ്റർ സംഭരണശേഷി കുറയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
197.74 ദശലക്ഷം ഘനമീറ്ററാണ് നിലവിലെ പരമാവധി സംഭരണശേഷി. ഇതിൽ രണ്ടാംവിള കൃഷിക്കു 188.328 വേണം. കുടിവെള്ളത്തിനായി 21.96 ദശലക്ഷം ഘനമീറ്റർ വെള്ളവും നൽകിയാൽ പിന്നെ വ്യാവസായിക ആവശ്യത്തിനു ജലം നൽകാൻ കഴിയില്ലെന്നാണ് വാട്ടർ അഥോറിറ്റിയുടെ വിശദീകരണം.