അക്കാദമിക് കലണ്ടർ: സമഗ്ര പഠനം നടത്താൻ വിദഗ്ധ സമിതി
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: സ്കൂളുകളിലെ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച് അക്കാദമിക് കലണ്ടറുമായി ബന്ധപ്പെട്ട് സമഗ്രപഠനം നടത്തുന്നതിന് സർക്കാർ വിദഗ്ധ സമിതിക്ക് രൂപംനൽകി.
2024-25 ലെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം 25 ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശ നിയമങ്ങൾ കൂടി കണക്കിലെടുത്ത് പുനപരിശോധിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നിലവിലുള്ള പാഠ്യപദ്ധതി പ്രകാരം പഠന-പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന രീതിയിൽ ക്ലാസ് റൂം വിനിമയത്തിന് എത്ര മണിക്കൂറുകൾ, അല്ലെങ്കിൽ എത്ര പഠനദിനങ്ങൾ വേണ്ടിവരുമെന്നു വിശദമായി പഠനം നടത്താനാണ് സമിതി രൂപീകരിച്ചത്.
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ വകുപ്പ് മേധാവി പ്രഫ വി.പി. ജോഷിത്ത്, എൻഎച്ച്എം അഡോളസെന്റ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ.അമർ എസ്. ഫെറ്റിൽ, തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ അസിസ്റ്റന്റ് പ്രഫ.ഡോ. ദീപ ഭാസ്കരൻ, എസ്എസ്എ മുൻ കണ്‍സൾട്ടന്റ് ഡോ. ജയരാജ്, എസ്സിഇആർടി മുൻ ഫാക്കൽറ്റി എം.പി. നാരായണൻ ഉണ്ണി എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ. രണ്ട് മാസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം.