വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോകൽ: നാല് സിപിഎമ്മുകാർ റിമാൻഡിൽ
Wednesday, January 22, 2025 2:35 AM IST
കൂത്താട്ടുകുളം: സിപിഎം വനിതാ കൗണ്‍സിലറുടെ മകന്റെ പരാതിയെതുടർന്ന് പോലീസ് പിടിയിലായ നാല് സിപിഎം പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂത്താട്ടുകുളം നഗരസഭ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ വനിതാ കൗണ്‍സിലർ കലാ രാജുവിന്റെ മകൻ ആർ. ബാലു പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിപിഎം പ്രവർത്തകരായ നാലുപേരെ പോലീസ് പിടികൂടിയത്.
സിപിഎം ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി കിഴക്കൊന്പ് വെച്ചുകെട്ടിക്കൽ അരുണ്‍ വി. മോഹൻ (40), സിഐടിയു ചുമട്ടുതൊഴിലാളികളായ കൂത്താട്ടുകുളം വള്ളിയാങ്കമലയിൽ സജിത്ത് ഏബ്രഹാം (40), കിഴകൊന്പ് തൂക്കുപറന്പിൽ റിൻസ് വർഗീസ് (42), ഇലഞ്ഞി വെള്ളാനിൽ ടോണി ബേബി (34) എന്നിവരാണ് തിങ്കളാഴ്ച രാത്രിയോടെ പോലീസ് പിടിയിലായത്. മൂവാറ്റുപുഴ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ആറുദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അമ്മയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയെന്ന മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം പോലീസ് അന്‍പതോളം ആളുകൾക്കെതിരേയാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്.
സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി പി.ബി. രതീഷ് ഒന്നാം പ്രതിയും നഗരസഭാധ്യക്ഷ വിജയ ശിവൻ രണ്ടാം പ്രതിയും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് മൂന്നാം പ്രതിയും കൗണ്‍സിൽ അംഗം സുമ വിശ്വംഭരൻ നാലാം പ്രതിയും സിപിഎം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് അഞ്ചാം പ്രതിയുമാണ്.
മറ്റു കണ്ടാലറിയാവുന്ന 45 പേരും പ്രതികളായിട്ടുള്ള കേസിലെ നാലു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്നും അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നഗരസഭാധ്യക്ഷ വിജയാ ശിവൻ, സഹ കൗണ്‍സിലർമാരായ സുമ വിശ്വംഭരൻ, അംബിക രാജേന്ദ്രൻ എന്നിവർ കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി മൊഴി നല്കി.
എന്നാൽ ശാരീരിക അസ്വാസ്ഥ്യം മൂലം എറണാകുളം രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലുള്ള കൗൺസിലർ കലാ രാജു മൊഴി നൽകാൻ എത്തിയില്ല.