തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ നടത്തും: കത്തോലിക്ക കോൺഗ്രസ്
Wednesday, January 22, 2025 2:35 AM IST
കൊച്ചി: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉള്പ്പെടെ രാഷ്ട്രീയ ഇടപെടൽ നടത്തുമെന്ന് കത്തോലിക്ക കോൺഗ്രസ്.
വന്യജീവി ആക്രമണം, ഇഎസ്എ, പട്ടയ പ്രശ്നങ്ങൾ,റബർ വിലത്തകർച്ച, നെല്ല് സംഭരണം, മുനമ്പം പ്രശ്നം, വഖഫ് നിയമം, ന്യൂനപക്ഷ പീഡനങ്ങളും അധിനിവേശങ്ങളും, ജെബി കോശി കമ്മീഷൻ റിപ്പോർട്ട്, ന്യൂനപക്ഷ അവകാശ ധ്വംസനങ്ങൾ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ പുലർത്തുന്ന സമീപനങ്ങൾ അടിസ്ഥാനമാക്കി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി യുവജനങ്ങളെയും വനിതകളെയും പുതുമുഖങ്ങളെയും രംഗത്തിറക്കാനും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.
കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയകാര്യ സമിതിയും രൂപീകരിച്ചു. സമുദായത്തിന്റെയും കർഷകരുടെയും പ്രശ്നങ്ങൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിനാൽ രാഷ്ട്രീയമായ ഇടപെടലുകൾ നടത്തുന്നതിനാണു പുതിയ സമിതി.
പാലാരിവട്ടം പിഒസിയിൽ നടന്ന രാഷ്ട്രീയകാര്യ സമ്മേളനത്തിൽ, കത്തോലിക്ക കോൺഗ്രസ് ബിഷപ് ലഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ രാഷ്ട്രീയകാര്യ സമിതി പ്രഖ്യാപനം നടത്തി. സഭയുടെ ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസംഗിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലാണു സമിതി ചെയർമാൻ. പ്രഫ. കെ.എം. ഫ്രാൻസിസ്- ചീഫ് കോ ഓർഡിനേറ്റർ, റവ. ഡോ. ഫിലിപ്പ് കവിയിൽ, ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ- കൺവീനർമാർ, ഡോ. ചാക്കോ കാളംപറമ്പിൽ, ബിജു സെബാസ്റ്റ്യൻ, ഇമ്മാനുവേൽ നിധീരി, ജോർജ് കോയിക്കൻ, ഫിലിപ്പ് വെളിയത്ത്, കോ- ഓർഡിനേറ്റർമാർ എന്നിവരുൾപ്പടെ 27 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
“സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും’’
സമുദായത്തെയും കർഷകരെയും സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും എന്ന രാഷ്ട്രീയ നയം കത്തോലിക്ക കോൺഗ്രസ് പ്രഖ്യാപിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ നേതൃ ക്യാമ്പ് പാസാക്കിയ രാഷ്ട്രീയ പ്രമേയത്തിലാണ് നയം വ്യക്തമാക്കിയത്.
സമുദായത്തിന്റെ വോട്ടു കൊണ്ടു ഭരണം നേടിയിരുന്ന രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി കാണിക്കുന്ന അവഗണനകളിൽ രാഷ്ട്രീയ പ്രമേയം പ്രതിഷേധം രേഖപ്പെടുത്തി. സമുദായം ആരുടെയും ഫിക്സഡ് വോട്ട് ബാങ്ക് അല്ല. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാർട്ടികൾക്കും തുല്യപരിഗണന നൽകും. ആരോടും പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ല.
സമുദായത്തിന്റെയും കർഷകരുടെയും പ്രശ്നങ്ങളിൽ സത്യസന്ധമായി സഹായിക്കുന്ന പാർട്ടികളെയും മുന്നണികളെയും വ്യക്തികളെയും തിരിച്ചും സഹായിക്കും. അവർക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകും. അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കും.
രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും നേതൃസ്ഥാനത്ത് സമുദായത്തിൽനിന്ന് അർഹമായ പ്രതിനിധ്യം ഉണ്ടാകണം. രാഷ്ട്രീയ പാർട്ടികളുടെ സമുദായത്തോടുള്ള അവഗണനയും ഇരട്ടത്താപ്പും ഉപേക്ഷിക്കണമെന്നും രാഷ്ട്രീയ പ്രമേയം ആവശ്യപ്പെട്ടു.