വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Wednesday, January 22, 2025 2:35 AM IST
നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബഹ്റിനിൽനിന്നു ഗൾഫ് എയർ വിമാനത്തിൽ ഇന്നലെ രാവിലെ അമ്മ ഫസീലയോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലപ്പുറം അരിബ്ര സ്വദേശി കൊടിത്തോടി വീട്ടിൽ ഫെസിന് അഹമ്മദാണു മരിച്ചത്.
വിമാനയാത്രയ്ക്കിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മാസം തികയും മുൻപ് പ്രസവിച്ച കുഞ്ഞായിരുന്നതിനാൽ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു. തുടർചികിത്സയ്ക്കായാണു നാട്ടിലേക്കു വന്നത്.
അസുഖ സംബന്ധമായ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പോസ്റ്റ്മോർട്ടം നടത്താതെ പോലീസ് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.