കരട് യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന് നിയമസഭ
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: കരട് യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്നും സഭ ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊള്ളാതെയുള്ളതും വൈസ് ചാൻസലർ നിയമനത്തിലടക്കം സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളെ പൂർണമായും ഒഴിവാക്കുന്നതുമായ കരട് യുജിസി മാനദണ്ഡങ്ങൾ ഫെഡറൽ സംവിധാനത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഒന്നാണ്.
സർവകലാശാലകളുടെയും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പിനായി 80 ശതമാനത്തോളം തുക ചെലവിടുന്നതു സംസ്ഥാന സർക്കാരുകളാണ്.
സർവകലാശാലകളുടെ ഗുണനിലവാരം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംസ്ഥാന സർക്കാരുകൾക്ക് മുഖ്യമായ പങ്കുണ്ട്. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് യാതൊരു ചർച്ചകളും കൂടാതെ, വൈസ് ചാൻസലർ നിയമനം പോലുള്ള സുപ്രധാന നിയമനങ്ങളിലും അധ്യാപകരുടെ യോഗ്യത, സേവനവ്യവസ്ഥ എന്നിവയെക്കുറിച്ചും ഉൾക്കൊള്ളിച്ചിട്ടുള്ള വ്യവസ്ഥകളും സംസ്ഥാന സർക്കാരുകളെ പൂർണമായും മാറ്റിനിർത്തുന്നതും ജനാധിപത്യവിരുദ്ധവും തിരുത്തപ്പെടേണ്ടതുമാണ്.
സർവകലാശാലകളിൽ അക്കാദമിക് വിദഗ്ധന്മാരെ മാറ്റിനിർത്തി സ്വകാര്യ മേഖലയിൽ നിന്നുപോലും വ്യക്തികളെ വൈസ് ചാൻസലർമാരാക്കാമെന്ന സമീപനം ഉന്നതവിദ്യാഭ്യാസരംഗത്തെ കച്ചവടവത്കരിക്കാനുള്ള നീക്കമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.